ഒാഖി ചുഴലിക്കാറ്റ്: സർവകക്ഷിയോഗം വെളളിയാഴ്ച
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം ചർച്ചചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ നടപടികൾ, സാമ്പത്തികസഹായം എന്നിവയെല്ലാം യോഗം വിലയിരുത്തും.
ഭാവിയിൽ കൈക്കൊള്ളേണ്ട നടപടികളും ആശ്വാസ നടപടികളും ആലോചിക്കും. ദുരന്തത്തിൽ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യർഥിച്ചിരുന്നു. നടപടികൾക്ക് എല്ലാ കക്ഷികളുടെയും പിന്തുണകൂടി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സർവകക്ഷിയോഗം.
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരു ബോട്ട് കൂടി തീരദേശസേന കണ്ടെത്തി. മാഹിയിൽ നിന്ന് കടലിൽ പോയ സെന്‍റ് ആന്‍റണി എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടും മത്സ്യത്തൊഴിലാളികളെയും കൊച്ചി തോപ്പുംപടി ഹാർബറിൽ എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചു.
ഒാൾമൈറ്റി ഗോഡ് എന്ന ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ ഹാർബറിൽ എത്തിച്ചിട്ടുണ്ട്. തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇവരെ തീരദേശസേന കണ്ടെത്തിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ഒരു ദിവസം മുഴുവൻ ബോട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു സംഘം. ശക്തമായ കാറ്റിൽ ബോട്ടിന് തകരാർ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.