ഒാഖി: നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം 26ന് എത്തും
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുക. ഡിസംബർ 26, 27 തീയതികളിൽ ദുരിതബാധിത പ്രദേശങ്ങൾ സംഘം സന്ദർശിക്കും.
ദുരന്തനിവാരണ മേഖലയിലെ വിദഗ്ധരും കേന്ദ്രസംഘത്തോടൊപ്പം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. തീരദേശ മേഖലകളിലെ നാശനഷ്ടം നേരിൽ വിലയിരുത്തുന്ന സംഘം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രം സ്വീകരിക്കുക.
ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ദുരന്തം വിതച്ച കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും 325 കോടി രൂപയുടെ അടിയന്തര ധനസഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ, കേരളത്തിന് 76 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.