എക്സൈസ് പ്രിവന്റിവ് ഓഫിസർമാരുടെ സ്ഥലംമാറ്റം അസോസിയേഷൻ തീരുമാനിക്കും
text_fieldsകോട്ടയം: എക്സൈസ് ഡിവിഷനിലെ പ്രിവന്റിവ് ഓഫിസർ തസ്തികയിൽ ജീവനക്കാരുടെ സ്ഥലം മാറ്റം തീരുമാനിക്കുന്നത് അസോസിയേഷൻ. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ തന്നെയാണ് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ല സെക്രട്ടറിയുടെ കത്ത് പ്രകാരം എന്ന സൂചന നൽകി വിചിത്ര ഉത്തരവ് ഇറക്കിയത്. നാലുവർഷം തുടർച്ചയായി ഒരു താലൂക്കിൽ ജോലി ചെയ്യുന്നവരെ മാറ്റാൻ എക്സൈസ് കമീഷണറുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവിന്റെ മറവിലാണ് അസോസിയേഷന്റെ സംസ്ഥാന നേതാവടക്കം ഇഷ്ടക്കാരായ 15 പേരെ അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റിയത്. കോട്ടയം എക്സൈസ് ഇന്റലിജന്റ്സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ യൂനിറ്റിലെ നാലു പ്രിവന്റിവ് ഓഫിസർമാരെ സ്ഥലം മാറ്റുകയും കോട്ടയം ഡിവിഷനിലെ പൊൻകുന്നം സർക്കിൾ ഓഫിസ്, വൈക്കം, കടുത്തുരുത്തി റേഞ്ച് ഓഫിസ് എന്നിവിടങ്ങളിലെ പ്രിവന്റിവ് ഓഫിസർമാരെ പകരം നിയമിക്കുകയും ചെയ്തുള്ള ഉത്തരവിലാണ് അനധികൃത സ്ഥലം മാറ്റവും കയറിക്കൂടിയത്. സേന വിഭാഗങ്ങളിലെ ജീവനക്കാരെ നിയമിക്കാൻ കൃത്യമായ സർക്കാർ മാനദണ്ഡങ്ങളുണ്ട്.
ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഒരു കാരണവശാലും സ്ഥലം മാറ്റത്തിൽ ഇടപെടാൻ പാടില്ല. ഈ നിയമം അട്ടിമറിച്ചാണ് കോട്ടയത്തെ സ്ഥലംമാറ്റ ഉത്തരവ്. രണ്ടുവർഷമെങ്കിലും ഒരേ താലൂക്കിൽ പ്രവർത്തിച്ചവരെയാണ് സ്ഥലംമാറ്റത്തിനു പരിഗണിക്കേണ്ടത്. എന്നാൽ, ഇപ്പോൾ സ്ഥലം മാറ്റം ലഭിച്ചവരിൽ പലരും ഒരുവർഷം പോലും ഒരേ താലൂക്കിൽ ജോലി ചെയ്യാത്തവരാണ്. സ്ഥലം മാറ്റം ലഭിച്ച അസോസിയേഷൻ സംസ്ഥാന നേതാവ്, ഉൾപ്പെടുന്ന തുടർച്ചയായ മൂന്നാമത്തെ ലിസ്റ്റാണിത്.
കഴിഞ്ഞ സ്ഥലംമാറ്റ ലിസ്റ്റിലാണ് ഇയാൾ കോട്ടയത്തെത്തിയത്. ഇപ്പോൾ പൊൻകുന്നം താലൂക്കിലേക്കാണ് മാറ്റം. വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധിപേർ നൽകിയ അപേക്ഷ തള്ളിയാണ് അർഹതയില്ലാത്തവർക്ക് സ്ഥലം മാറ്റം നൽകിയത്. ഇതിനെതിരെ സേനക്കകത്തു തന്നെ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.