എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 312 കോടി ബി.പി.സി.എൽ നൽകാനുള്ളത് 219 കോടി
text_fieldsകൊച്ചി: ഒരുനിയന്ത്രണവുമില്ലാതെ ദിനേനയെന്നോണം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചും കോടാനുകോടികൾ ലാഭം കൊയ്തും സാധാരണക്കാരന്‍റെ നെഞ്ചിൽ തീ കോരിയിടുകയാണ് രാജ്യത്തെ എണ്ണക്കമ്പനികൾ. എന്നാലിവർ, സംസ്ഥാന സർക്കാറിന് കൊടുക്കാനുള്ള നികുതി കുടിശ്ശിക എത്രയെന്നറിഞ്ഞാൽ ഒന്നുഞെട്ടും; 312.57 കോടി രൂപയാണിത്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കാണിത്.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബി.പി.സി.എൽ), ബി.പി.സി.എലിന്റെ എണ്ണ ശുദ്ധീകരണശാലയായ കൊച്ചി റിഫൈനറി എന്നിവയാണ് ഇത്രയധികം കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ബി.പി.സി.എലിനാണ് നികുതി കുടിശ്ശിക ഏറെയുള്ളത്-219.66 കോടി. ഐ.ഒ.സി 75.91 കോടി കുടിശ്ശികയാക്കിയപ്പോൾ കൊച്ചി റിഫൈനറിയുടേത് 16.99 കോടി രൂപയാണ്. പൊതുമേഖല കമ്പനിതന്നെയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് നികുതിയിനത്തിൽ കുടിശ്ശികയില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
നികുതി ഇളവുകൾ സാധൂകരിക്കുന്ന രേഖകൾ സമയബന്ധിതമായി സമർപ്പിക്കാൻ ഈ കമ്പനികൾക്ക് സാധിക്കാത്തതാണ് ഇത്രയധികം തുക കുടിശ്ശികയായി വരാൻ കാരണമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച മറുപടിയിലുണ്ട്. കുടിശ്ശിക വരുത്തിയ കമ്പനികൾ അപ്പീൽ ഫയൽ ചെയ്തതായും മറുപടിയിൽ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്കാണ് ഇതുസംബന്ധിച്ച മറുപടികൾ ലഭിച്ചത്.
കുത്തനെയിടിഞ്ഞ് ക്രൂഡോയിൽ വില 131 ൽനിന്ന് 99 ഡോളറിലേക്ക് താഴ്ന്നു
കൊച്ചി: യുദ്ധവും ഉപരോധവും മൂലം വൻ വിലയിലേക്ക് കുതിച്ച അസംസ്കൃത എണ്ണക്ക് ഒരാഴ്ച കൊണ്ട് കുത്തനെ ഇടിവ്. രാജ്യത്ത് പെട്രോളിനും ഡീസലിനും വിലയുയർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് വൻ ഇടിവ്. ബ്രന്‍റ് ഇനം എണ്ണ മാർച്ച് ഒമ്പതിന് ബാരലിന് 131 ഡോളറായിരുന്നത് ചൊവ്വാഴ്ച 99 ഡോളറിലേക്ക് താഴ്ന്നു.
റഷ്യ, യുക്രെയ്ൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതും ചൈനയിൽ കോവിഡ് കേസുകൾ ഉയർന്നതിനെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതുമാണ് അസംസ്കൃത എണ്ണവില കുത്തനെ കുറയാൻ ഇടയാക്കിയത്. ചൈനയിലെ ചില വൻനഗരങ്ങളിൽ 2020നുശേഷം ഏറ്റവും കൂടിയ കോവിഡ് വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ഡൗൺ പ്രഖ്യാപനം എണ്ണ ആവശ്യകത കുറക്കുമെന്ന ആശങ്കയിൽ അസംസ്കൃത എണ്ണ വിപണി ഉലഞ്ഞതോടെ വിലയും ഇടിയുകയായിരുന്നു.
2014 നവംബറിന് ശേഷം അസംസ്കൃത എണ്ണ വിലയിൽ വന്ന വൻ കുതിപ്പിനാണ് നിലവിൽ അറുതിയാകുന്നത്. മാർച്ച് 14ലെ കണക്കുപ്രകാരം അസംസ്കൃത എണ്ണക്ക് 8449.91 രൂപയാണ് ഇന്ത്യൻ ബാസ്കറ്റിൽ നൽകുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ചുരൂപയും എക്സൈസ് തീരുവ കുറച്ചശേഷം പിന്നീട് ഇന്ധനവില ഉയർത്തിയിട്ടില്ല. അസംസ്കൃത എണ്ണവിലയിലെ കുറവ് നിലനിന്നാൽ കാര്യമായ ഇന്ധന വിലവർധനയിലേക്ക് എണ്ണക്കമ്പനികൾ നീങ്ങില്ലെന്നാണ് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.