ഓഫ് റോഡ് റേസിങ്: നടൻ ജോജു ജോര്‍ജ് പിഴയടച്ചു
text_fieldsഇടുക്കി: വാഗമണിലെ തേയില തോട്ടത്തിൽ അനുമതിയില്ലാതെ ഓഫ് റോഡ് റേസിങ് നടത്തിയ കേസിൽ നടൻ ജോജു ജോര്‍ജ് പിഴയടച്ചു. മോട്ടോര്‍ വാഹന വകുപ്പാണ് നടന് 5000 രൂപ പിഴയിട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതിയില്ലാതെ റേസിൽ പങ്കെടുത്തതിനുമാണ് പിഴ.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർ.ടി.ഒ ജോജു ജോർജിന് നോട്ടീസ് അയച്ചിരുന്നു.
അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത 12 പേർക്ക് വാഗമൺ പൊലീസ് നോട്ടീസയച്ചു. നാലുപേർ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.
കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് ജോജു ജോർജ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നടൻ ഓഫ് റോഡ് റേസിങ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.