ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ വലിയ തുക വാഗ്ദാനം ചെയ്തെന്ന് ജിൻസൺ
text_fieldsതൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ വലിയ തുക വാഗ്ദാനം ചെയ്തെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. എന്നാൽ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്നും ജിൻസൺ പറഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിൻസൺ തിങ്കളാഴ്ച പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു.
'പൊലീസ് പറയുന്നത് കളവാണ് എന്ന് പറയണമെന്നായിരുന്നു ആവശ്യം. ദിലീപ് കുറ്റക്കാരനല്ലെന്ന് തോന്നുന്നുണ്ടോ എന്ന് വിളിച്ചയാളോട് താൻ ചോദിച്ചു. കേസിൽ സാക്ഷികളായ വിപിൻലാലിനെയും വിഷ്ണുവിനെയും സ്വാധീനിക്കുമെന്നും അവരും ദിലീപിന് അനുകൂലമായി മൊഴി നൽകുമെന്നും വിളിച്ചയാൾ പറഞ്ഞു. പ്രദീപ്കുമാറിന്‍റെ അറസ്റ്റോടെ അയാൾ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് മനസ്സിലായി. ഫോണിൽ വിളിച്ചതിന്‍റെ റെക്കോഡ് കൈവശമുണ്ടെന്നും പൊലീസിന് നൽകും'- ജിൻസൺ പറഞ്ഞു.
'ഒരു കാരണവശാലും താൻ മൊഴി മാറ്റില്ല. പ്രതിഭാഗം നിരന്തരം വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. ദിലീപിന്‍റെ അഭിഭാഷകന്‍റെ നിർദേശപ്രകാരം കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചത്'- ജിൻസൺ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജിൻസൺ. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് ജയിലിലായ ജിൻസൺ സെല്ലിൽ വെച്ച് സുനിയുമായി സൗഹൃദത്തിലായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൾസർ സുനി ജിൻസണോട് പറഞ്ഞെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് ക്വട്ടേഷനായിരുന്നുവെന്ന് സുനി പറഞ്ഞെന്നും ജിൻസൺ പൊലീസിന് മൊഴി നൽകി. ഈ മൊഴി മാറ്റിപ്പറയാനാണ് ജിൻസനെ ഇപ്പോൾ സമ്മർദ്ദം ചെലുത്തുന്നത്.
കേസിൽ പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിൽ തീരുമാനമായിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാൻ തുടർച്ചയായി ശ്രമം നടക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാക്ഷികളായ നടി ഭാമ, നടൻ സിദ്ദിഖ് എന്നിവർ നേരത്തേ നൽകിയ മൊഴി പ്രതിക്ക് അനുകൂലമായി മാറ്റിപ്പറഞ്ഞിരുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടെന്ന് പറഞ്ഞ് ജിൻസൺ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ജഡ്ജി നിഷ്പക്ഷമായല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹjജി ഹൈകോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചു. കേസിനെ വിചാരണ നടപടികൾ പോലും തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് തുടർച്ചയായി മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടെന്ന് പരാതിയുമായി സാക്ഷികൾ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.