രഞ്ജിത്തിന്‍റെ വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് മാറ്റി
text_fieldsകോഴിക്കോട്: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് രാജി ആവശ്യം ശക്തമായതോടെ സംവിധായകൻ രഞ്ജിത്തിന്‍റെ വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് നീക്കി. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന ബോർഡ് ആണ് നീക്കിയത്.
ഇന്നലെയാണ് വയനാട്ടിലെ റിസോർട്ടിൽ രഞ്ജിത്ത് താമസത്തിന് എത്തിയത്. ഇവിടെയുണ്ടായിരുന്ന ഔദ്യോഗിക വാഹനത്തിൽനിന്നാണ് ബോർഡ് മാറ്റിയത്. രഞ്ജിത്ത് താമസിച്ച റിസോർട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ, രഞ്ജിത്തിന്‍റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
രാജി വെച്ച് സംശുദ്ധത തെളിയിക്കണം -ഭദ്രൻ
സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രജ്ഞിത്ത് രാജിവെച്ച് സംശുദ്ധത തെളിയിക്കണമെന്ന് സംവിധായകൻ ഭദ്രൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇരിക്കുന്ന സ്ഥാനത്തുനിന്ന് ആരോപണം നേരിടുന്നത് ശരിയല്ലെന്നും ഭദ്രൻ പറഞ്ഞു.
വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയി -ഉർവശി
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും നടി ഉര്‍വശി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ 'അമ്മ' ശക്തമായ നിലപാടെടുക്കണം. എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വെച്ച് നീട്ടാന്‍ പറ്റില്ല, പഠിച്ചത് മതി. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല എന്നും ഉർവശി പറഞ്ഞു.
രഞ്ജിത്ത് അന്വേഷണം നേരിടണം -ഉഷ ഹസീന
ആരോപണങ്ങളിൽ രഞ്ജിത്ത് അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന ആവശ്യപ്പെട്ടു. ദുരനുഭവം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്നും അവർ പറഞ്ഞു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണെന്നും നടി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.