അന്തർസംസ്ഥാന ലോട്ടറി മാഫിയക്ക് പരവതാനി വിരിച്ച് ഉദ്യോഗസ്ഥ ലോബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അന്തർസംസ്ഥാന ലോട്ടറി വിൽക്കാനുള്ള മാഫിയകളുടെ നീക്കങ്ങൾക്ക് കുടപിടിച്ച് ലോട്ടറിവകുപ്പിലെ ഉദ്യോഗസ്ഥ ലോബി. കേരളത്തിൽ ലോട്ടറി വിൽക്കാൻ അനുമതി തേടി മേഘാലയ സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കാതെ ലോട്ടറി വകുപ്പ് മാഫിയകൾക്ക് ഒത്താശ ചെയ്യുകയാണ്.
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അന്തർസംസ്ഥാന ലോട്ടറി വിൽക്കാൻ നിയമപഴുത് തേടുന്നതിനിടെയാണ് ഈ വീഴ്ച. സംസ്ഥാനങ്ങളിൽ ഏത് ലോട്ടറി വിൽക്കണമെന്ന് തീരുമാനിക്കാൻ അതത് സർക്കാറുകൾക്കുള്ള അവകാശം ചോദ്യംചെയ്താണ് മേഘാലയ സർക്കാർ കോടതിയെ സമീപിച്ചത്. കേസിൽ അടിയന്തര മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ 2021 മാർച്ചിൽ കേരളത്തിന് കത്തയച്ചു.
എന്നാൽ, ലോട്ടറി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മറുപടി നൽകുകയോ സത്യവാങ്മൂലം ഫയൽ ചെയ്യാൻ നടപടിയെടുക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. 2020 മുതൽ അന്തർസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്തേക്ക് കടന്നുകയറാൻ ശ്രമം നടത്തുകയാണ്. 2020 ഡിസംബറിൽ, സംസ്ഥാനത്ത് ലോട്ടറി വിൽക്കാനുള്ള അധികാരം സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതിക്കെതിരെ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഫ്യൂച്ചർ ഗെയിങ് ആൻഡ് ഹോട്ടൽ സർവിസ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.
നാഗാലാൻഡ് ലോട്ടറി കേരളത്തിൽ വിൽക്കാൻ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹരജി. ഇതിൽ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് അന്തർസംസ്ഥാന ലോട്ടറിക്ക് അനുകൂലമായി വിധിച്ചു. 2021 ജൂലൈയിൽ ഡിവിഷൻ ബെഞ്ച് വിധി സ്റ്റേ ചെയ്തു. ഇതിനിടെയാണ് കേരളത്തിന്റെ അഭിപ്രായം തേടി കേന്ദ്രം കത്തയച്ചത്. ലോട്ടറി വകുപ്പ് ഡയറക്ടർ ചുമതലയിലില്ലാത്ത സമയത്താണ് കത്ത് ലഭിച്ചത്. പുതിയ ഡയറക്ടർ ചുമതലയേറ്റിട്ടും വിവരം പൂഴ്ത്തിവെച്ചെന്നാണ് ലോട്ടറി വ്യാപാരികളുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.