വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്ക് ഇന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. വെള്ളിയാഴ്ച രാവിലെ 10ന് കപ്പലിന് ഔദ്യോഗിക സ്വീകരണചടങ്ങും ട്രയൽ ഓപറേഷനും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും.
സ്വീകരണചടങ്ങിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും. തുറമുഖം കമീഷൻ ചെയ്യും മുമ്പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കമുള്ള എല്ലാ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് കണ്ടെയ്നർഷിപ് എത്തിച്ചത്. മൂന്നു മാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനാണ് സർക്കാർ ശ്രമം.
ഇന്നലെ രാവിലെയാണ് കപ്പൽ ‘സാൻ ഫെർണാൺഡോ’ക്ക് വിഴിഞ്ഞം തുറമുഖത്തേക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ജൂൺ 22ന് ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് ‘സാൻ ഫെർണാൺഡോ വിഴിഞ്ഞത്തെത്തിയത്.
നാല് ടാഗ്ഷിപ്പുകളുടെ നേതൃത്വത്തിൽ കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചു. കപ്പൽ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ് എന്ന പ്രവൃത്തിയും പൂർത്തിയാക്കി. തുടർന്ന് കപ്പലിൽ നിന്ന് കണ്ടെയ്നറുകളുടെ നീക്കവും പൂർത്തിയാക്കി.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്ത് ആദ്യ ചരക്കുകപ്പല്‍ എത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് കോവളം മുതല്‍ പുളിങ്കുടി വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഒന്നര വരെയാണ് നിയന്ത്രണം.
കോവളം ജങ്ഷന് മുതല്‍ ബൈപാസ് സര്‍വിസ് റോഡിലും കോവളം-വിഴിഞ്ഞം-പുളിങ്കുടി റോഡിലും പയറുമൂട് മുതല്‍ പുളിങ്കുടി വരെയുള്ള റോഡിലുമാണ് നിയന്ത്രണം. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങൾ ഈ റോഡുകളിൽ പാര്‍ക്ക് ചെയ്യരുത്. ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ട് വരുന്ന ഹെവി വാഹനങ്ങള്‍, നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ നിർദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.