തിരുവനന്തപുരം ഡെപ്യൂട്ടി മേയറെ റാസ്കലെന്ന് വിളിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹെൽത്ത് സൂപ്പർവൈസർ ബി. ബിജുവിന് സസ്പെൻഷൻ. ഒന്നരആഴ്ച മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിക്കാൻ കണ്ടിൻജന്‍റ് ജീവനക്കാരുടെ ശമ്പള ഫയൽ തയാറാക്കി ബിജു പ്യൂൺമാരെ ഏല്‍പിച്ചു. അടുത്ത ദിവസം വൈകുന്നേരമായിട്ടും ഫയൽ എത്തിയില്ല. തുടർന്ന് അലമാര പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുമ്പ് നൽകിയ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെയും സൂപ്രണ്ടിന്‍റെയും നേതൃത്വത്തിൽ എട്ട് ഉദ്യോഗസ്ഥർ ഫയലുകൾ ചുമന്ന് ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിച്ചു. കൃത്യവിലോപം കാട്ടിയതിന് സാനിട്ടറി വർക്കർ തസ്തികയിൽ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി നഴ്സറിയിലേക്കും രണ്ടാമനെ കളിപ്പാൻകുളം നഴ്സറിയിലേക്കും സ്ഥലംമാറ്റി.
ഇവർ പരാതിയുമായി ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ സമീപിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് പി.കെ. രാജു ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും നടക്കില്ലെന്ന് പറഞ്ഞ് ബിജു ഫോൺ കട്ട് ചെയ്തു. ഇതോടെ പരാതിയുമായി രാജു മേയറെ സമീപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മേയറുടെ ഓഫിസ് മുറിയിൽ അനുരഞ്ജന ചർച്ച നടക്കുന്നതിനിടെ ഹെൽത്ത് സൂപ്പർവൈസറെ രാജു റാസ്കൽ എന്ന് വിളിച്ചു.
നിങ്ങളാണ് റാസ്കലെന്ന് ബിജു തിരിച്ചടിച്ചു. ഇതോടെ ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബിജുവിനെതിരെ നടപടിയെടുക്കാൻ മേയർ സെക്രട്ടറിക്ക് നിർദേശം നൽകി. 100 വാർഡുകളിലും ഹരിതകർമസേനകളുടെ രൂപവത്കരണ ചുമതല ബിജുവിനായിരുന്നു. ഇതിന്‍റെ മികവിന് കഴിഞ്ഞ ഞായറാഴ്ചയാണ് പി.കെ. രാജുവും ബിജുവും ചേർന്ന് മന്ത്രി എം.ബി. രാജേഷിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.