കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിക്കും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരിപ്പൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളും റവന്യൂ വകുപ്പ്, വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സ്ഥലം പരിശോധിക്കുക. പരിശോധനകൾക്ക് ശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുക.
റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടാൻ നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴര ഏക്കറും പള്ളിക്കൽ വില്ലേജിൽനിന്ന് 11 ഏക്കറുമാണ് ഏറ്റെടുക്കുക. ഇവർക്ക് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച ശേഷം ഭൂവുടമകളുമായി സംസാരിച്ചതിന് ശേഷമാകും തുടർനടപടികൾ. പരിശോധനക്ക് ശേഷമാണ് ഏറ്റെടുക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും അടക്കം കൃത്യമായ വിവരം ലഭ്യമാകുക.
എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. ഭൂമി ലഭിച്ചില്ലെങ്കിൽ മറ്റുള്ള സർവിസുകളെയും ബാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സാങ്കേതിക സമിതി ശിപാർശ ചെയ്ത പ്രകാരം ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ വിമാനത്താവളം നഷ്ടമാകും. ആറ് മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് നൽകണം. ജനങ്ങളുടെ സഹകരണത്തോടെ പരിശോധന നടത്തി അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോകൂവെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ചെമ്പാൻ മുഹമ്മദലി, കലക്ടർ വി.ആർ. പ്രേംകുമാർ, വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, നഗരസഭാംഗങ്ങളായ കെ.പി. ഫിറോസ്, സൽമാൻ, പഞ്ചായത്തംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, നസീറ കണ്ണനാരി, ഡെപ്യൂട്ടി കലക്ടർമാരായ ഡെപ്യൂട്ടി കലക്ടർമാരായ ലത, ജോസ് രാജ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.