104 കിലോ സ്വർണം പിടിച്ച റെയ്ഡിനായി ഉദ്യോഗസ്ഥരെത്തിയത് ‘വിനോദയാത്ര’ ബാനർ കെട്ടിയ ബസുകളിൽ
text_fieldsതൃശൂർ: ജില്ലയിലെ സ്വർണവ്യാപാര മേഖലയിൽ നടന്ന ജി.എസ്.ടി റെയ്ഡിന് ഉദ്യോഗസ്ഥർ എത്തിയത് അഞ്ചു ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലും. ‘വിനോദയാത്ര’ ബാനർ കെട്ടിയ ബസുകളിൽ സ്വരാജ് ഗ്രൗണ്ടിലാണ് ഇവർ ആദ്യം ഒത്തുചേർന്നത്. അവിടെനിന്ന് ഓരോ സ്ഥലത്തേക്കും പത്തും അതിലധികവും പേരടങ്ങുന്ന സംഘമായി പിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
'ടെറ ദേൽ ഓറോ'(സ്വർണ ഗോപുരം) എന്ന് പേരിട്ട ദൗത്യം ആസൂത്രണം ചെയ്തത് അതീവ രഹസ്യമായാണ്. പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 700 ഓളം വരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശൂരിൽ എത്തിയ ശേഷം ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിൽ വിനോദ സഞ്ചാര ബാനർ കെട്ടി.
തൃശൂരിലെ സ്വർണ നിർമാണ-വ്യാപാര കേന്ദ്രങ്ങളടങ്ങുന്ന 78 ഇടങ്ങളിലായിരുന്നു പരിശോധന. മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയും സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റുള്ളവരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ പരിശോധന അവസാനിച്ചത് വ്യാഴാഴ്ച ഉച്ചക്കാണ്. ബുധനാഴ്ച 10 കിലോഗ്രാം കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചു, വ്യാഴാഴ്ച റെയ്ഡ് പൂർത്തിയാക്കിയതോടെ ഇത് 104 കിലോ ഗ്രാം ആയി. പിടികൂടിയ സ്വർണം ട്രഷറിയിലേക്ക് മാറ്റുമെന്ന് ജി.എസ്.ടി അധികൃതർ അറിയിച്ചു.
എന്നാൽ, റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂനിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇല്ലെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.