എ.ഐ കാമറയെ ഏൽപ്പിച്ച് ഉദ്യോഗസ്ഥർ: അപകടഭീഷണിയായി ഭാരവാഹനങ്ങൾ
text_fieldsതിരുവനന്തപുരം: ചരക്കുവാഹനങ്ങളിലെ അമിതഭാരം മുതൽ അലക്ഷ്യമായ കയറുകൾ വരെ മരണക്കെണിയാകുമ്പോഴും നടപടിയെടുക്കേണ്ട മോട്ടോർ വാഹനവകുപ്പ് എല്ലാം എ.ഐ കാമറകളെയേൽപ്പിച്ച് നിസ്സംഗതയിൽ. സീറ്റ് ബെൽറ്റും ഹെൽമറ്റും മാത്രം പിടികൂടുന്ന എ.ഐ കാമറ വന്നതോടെ നിരത്തിലെ പരിശോധനയും നിരീക്ഷണവും കുറഞ്ഞു. ഇതോടെ ഹെവി വാഹനങ്ങളുടെയടക്കം നിയമലംഘനങ്ങൾ വ്യാപകമായി. തലസ്ഥാന ജില്ലയിൽ രണ്ടു പേരുടെ ജീവനെടുക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തത് ടിപ്പർ ലോറികളാണ്. പിന്നാലെ കൊല്ലം തഴവയിൽ സ്കൂട്ടർ യാത്രക്കാരിയെ അപകടത്തിൽപെടുത്തിയതും ഭാരവാഹനത്തിന്റെ അശ്രദ്ധ.
രാവിലെ എട്ടു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ നാലരവരെയും ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനം എടുത്തിട്ട് വര്‍ഷങ്ങളായി. അതത് ജില്ല കലക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ ഇത് നിരീക്ഷിച്ച് ഉറപ്പു വരുത്തിയിരുന്നു. ഇപ്പോൾ നിരീക്ഷണമോ പരിശോധനയോ ഇല്ല. സ്കൂൾ കുട്ടികൾ തിരക്കിട്ടു പോകുന്ന രാവിലെയും വൈകീട്ടുമുള്ള സമയത്തും ടിപ്പറുകൾ പറക്കുന്നു, ഒപ്പം നിയമവും കാറ്റിൽ പറക്കുന്നു.
ഒന്നിലധികം സ്ഥലങ്ങളിൽ ചരക്കിറക്കേണ്ട വാഹനങ്ങൾ ആദ്യയിടത്ത് ഇറക്കിയ ശേഷം കയറുകൾ കെട്ടിയുറപ്പിക്കാതെ റോഡിലേക്കടക്കം അഴിച്ചിട്ടാണ് ഓടുന്നത്. ഓരോ ഇടത്തും സാധനമിറക്കിയ ശേഷം കെട്ടിയുറപ്പിക്കേണ്ടതിനു പകരം ജോലി എളുപ്പത്തിനാണ് അഴിച്ചിടുന്നത്. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമടക്കം ഭീഷണിയായ ഈ നിയമലംഘനം തടയാൻ സംവിധാനമില്ല. ക്വാറിയിൽനിന്ന് പോകുന്ന ലോറികൾ ലോഡ് കൃത്യമായി മറയ്ക്കണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല.
ലോറിയിൽനിന്ന് പാറ തെറിച്ചുവീണുണ്ടായ അപകടത്തിലാണ് വിഴിഞ്ഞത്ത് ബി.ഡി.എസ് വിദ്യാർഥി മരിച്ചത്. മണലും മണ്ണും മറ്റും ഇറക്കിയ ശേഷം കൃത്യമായി വൃത്തിയാക്കാതെ റോഡിലേക്കിറങ്ങുന്ന വാഹനങ്ങൾ മറ്റു വാഹനയാത്രികർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും അപകട ഭീഷണിയും ചെറുതല്ല. പൂഴിയും മറ്റും പറത്തി പായുന്ന ഈ വാഹനങ്ങൾ പിന്നാലെയുള്ള ഇരുചക്രവാഹനയാത്രക്കാരുടെ കാഴ്ച മറച്ച് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഭീഷണിയായി തടിലോറികൾ
രാത്രി അനുവദിച്ചതിനേക്കാൾ കൂടുതൽ ലോഡുമായി പോകുന്ന തടിലോറികളാണ് അപകട ഭീഷണി. മോട്ടോർ വാഹനനിയമപ്രകാരം ചരക്കുവാഹനങ്ങളില്‍ ഒരു ടണ്‍ വരെയുള്ള അമിത ഭാരത്തിന് 2000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴ ഈടാക്കാം. അധിക ടണ്ണിന് പിഴ കണക്കാക്കിയാൽ 20,000 ഉം 30,000 ഉം അടയ്ക്കണം. എന്നാൽ, ഇതിൽ 5000 , 6000 കൈക്കൂലി നൽകിയാൽ കടമ്പ കടന്നുകിട്ടും. അമിതഭാരം ഇറക്കാനും ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടിക്കും വ്യവസ്ഥയുണ്ടെങ്കിലും ചെയ്യാറില്ല. കഴിഞ്ഞ വർഷം ഓപറേഷൻ ഓവർലോഡ് എന്ന പേരിൽ പ്രത്യേക പരിശോധന നടന്നെങ്കിലും തുടർച്ചയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.