ഉദ്യോഗസ്ഥരുടെ പ്രസംഗം കത്തിക്കയറി; പൊട്ടിത്തെറിച്ച് മന്ത്രി
text_fieldsനെടുങ്കണ്ടം: ഉദ്യോഗസ്ഥരുടെ പ്രസംഗം മുക്കാൽ മണിക്കൂറിലധികം നീണ്ടതോടെ പൊട്ടിത്തെറിച്ച് മന്ത്രി എം.എം. മണി. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിൽ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ക്ഷുഭിതനായത്.
മന്ത്രി ശകാരിച്ചതോടെ ജില്ല മണ്ണുസംരക്ഷണ സമിതി ഓഫിസറുടെ പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ചു. നെടുങ്കണ്ടം കരുണാപുരം പഞ്ചായത്തുകളിലെ 2700 ഹെക്ടർ പ്രദേശങ്ങളിൽ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
അരമണിക്കൂർ താമസിച്ച് തുടങ്ങിയ പരിപാടിയിൽ ചില ഉദ്യോഗസ്ഥരുടെ സംസാരം കത്തിക്കയറി. സ്വാഗതപ്രസംഗം അരമണിക്കൂറാണ് നീണ്ടത്. ഇരുപ്പിടത്തിൽനിന്ന് ക്ഷുഭിതനായി എണീറ്റ മന്ത്രി, ഉദ്യോഗസ്ഥെൻറ പ്രസംഗം നിർത്തിപ്പിച്ച് ശകാരവർഷം നടത്തി. സംഘാടകർ മൈക്ക് ഓഫ് ചെയ്തെങ്കിലും മന്ത്രി ഉച്ചത്തിൽ ശകാരം തുടർന്നു.
ഒടുക്കം പദ്ധതിയെക്കുറിച്ച് പരാമർശിക്കാതെ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്ത് മന്ത്രി സദസ്സിൽ നിന്നും ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രിയോട് സംഘാടനത്തിലുണ്ടായ പിഴവിൽ ക്ഷമാപണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.