കീശ വീർപ്പിച്ച് എണ്ണക്കമ്പനികൾ
text_fieldsകൊച്ചി: പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണാധികാരം പൂർണമായും കൈയിലായതോടെ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ കുതിപ്പ്. പ്രതിദിന വിലനിർണയ സംവിധാനം നിലവിൽ വന്നതിനുശേഷമുള്ള മാസങ്ങളിൽ പ്രമുഖ എണ്ണക്കമ്പനികളുടെ അറ്റാദായം കുതിച്ചുയർന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാതിരുന്നിലൂടെ കമ്പനികൾക്കുണ്ടായ നേട്ടം വ്യക്തമാക്കുന്നതാണ് ഏറ്റവും അവസാനം പുറത്തുവന്ന സാമ്പത്തികഫലങ്ങൾ.
പെട്രോൾ, ഡീസൽ വില ദിവസവും മാറുന്ന രീതി കഴിഞ്ഞ ജൂൺ 16നാണ് നിലവിൽ വന്നത്. ഇതിനുശേഷമുള്ള മാസങ്ങളിൽ എണ്ണവില ആരുമറിയാതെ കുതിക്കുകയായിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ലിറ്ററിന് ഏഴുരൂപ വരെ വർധിച്ചു. 2014ൽ അസംസ്കൃത എണ്ണ വില ബാരലിന് 114.44 ഡോളറായപ്പോഴാണ് ഇന്ധനവില റെക്കോഡിലെത്തിയത്. ഇത്തവണ അസംസ്കൃത എണ്ണവില 53.69 ഡോളറായി ഇടിഞ്ഞപ്പോഴും പെട്രോൾ, ഡീസൽ വില ഉയർന്നുതന്നെ നിന്നു. സർക്കാർ ഒത്താശയോടെ എണ്ണക്കമ്പനികൾ നടത്തുന്ന കൊടുംചൂഷണമാണ് ഇതിനുപിന്നിലെന്ന ആരോപണം ശക്തമായിരുന്നു.
ഇൗ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദ സാമ്പത്തികഫലം അനുസരിച്ച് ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി) എന്നിവയുടെ അറ്റാദായം കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. െഎ.ഒ.സിക്ക് കഴിഞ്ഞവർഷം മൂന്നാം പാദത്തിൽ അറ്റാദായം 3121.89 കോടിയായിരുന്നത് ഇത്തവണ 3696.29 കോടിയായി. എച്ച്.പി.സിയുടേത് 701.32 കോടിയിൽനിന്ന് 1734.74 കോടിയിലേക്ക് കുതിച്ചു. 1000 കോടിയിലേറെ രൂപയുടെ വർധന. ബി.പി.സിയുടെ അറ്റാദായം 1305.18 കോടിയിൽനിന്ന് 2357.40 കോടിയായി.
കമ്പനികൾ തോന്നുന്നതുപോലെ വില കൂട്ടിയപ്പോൾ അതിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു കേന്ദ്രസർക്കാറിേൻറത്. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില ഒരുവർഷത്തിനിടെ പത്തുതവണ വർധിപ്പിച്ചു. ജനജീവിതം ദുസ്സഹമാക്കിയ ഇന്ധനവില വർധന എണ്ണക്കമ്പനികൾക്ക് ഉണ്ടാക്കിക്കൊടുത്തത് അപ്രതീക്ഷിത നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.