ഇന്ധന വിലക്കയറ്റം: ഗതിമുട്ടി മുച്ചക്രവാഹനവുമായി ഉപജീവനം നടത്തുന്നവർ
text_fieldsപെരിന്തൽമണ്ണ: മുച്ചക്ര വാഹനങ്ങളിൽ സഞ്ചരിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ഭിന്നശേഷിയുള്ളവർക്ക് കുതിച്ചുയരുന്ന ഇന്ധന വിലവർധനവിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യം. ലോട്ടറി ടിക്കറ്റും സോപ്പും സോപ്പുപൊടിയും കുടയും പേപ്പർ പേനയും മുച്ചക്ര വാഹനങ്ങളിൽ കൊണ്ടുനടന്ന് തുച്ഛമായ വരുമാനം കണ്ടെത്തി കുടുംബം പോറ്റുന്നവരാണ് വർധിച്ച ഇന്ധനവിലയിൽ ഏറെ കഷ്ടപ്പെടുന്നത്.
സ്വയംതൊഴിലിനായി നിർമിച്ച ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയതായി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യൂ.ആർ.എഫ്) പ്രവർത്തകർ പറയുന്നു.ചികിത്സ, മരുന്ന്, സർജിക്കൽ വസ്തുക്കൾ എന്നിവയെല്ലാം സാമ്പത്തിക പ്രയാസം കാരണം നിലച്ച സ്ഥിതിയായി. സർക്കാർ നൽകുന്ന ചെറിയ പെൻഷൻ തുക കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു.
മുമ്പ് ഭിന്നശേഷിയുള്ളവർക്ക് നിശ്ചിത തുക പെട്രോളിന് കേന്ദ്രസർക്കാർ സബ്സിഡി നൽകിയിരുന്നു. പിന്നീട് അത് നിർത്തലാക്കി. ഈ അവസ്ഥയിൽ ഇന്ധന സബ്സിഡി പുനഃസ്ഥാപിച്ച് നൽകണമെന്നാണ് ആവശ്യം. ഇന്ധന വിലവർധനവിനെതിരെ ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ സമരം നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.