ഒാഖി: കാണാതായ നാല് ബോട്ടും 43 തൊഴിലാളികെളയും കണ്ടെത്തി
text_fieldsമട്ടാഞ്ചേരി: ഓഖി ദുരന്തത്തിനുമുമ്പ് കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയി കാണാതായ നാല് ബോട്ടും 43 തൊഴിലാളികളെയും കണ്ടെത്തി. ഇവരെ മത്സ്യത്തൊഴിലാളികൾ കൊച്ചിയിൽ എത്തിച്ചു. ഹാർബറിലെ കച്ചവടക്കാർ മുൻകൈയെടുത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഡിസംബർ 11ന് കൊച്ചി ഹാർബറിൽനിന്ന് കടലിൽ തിരച്ചിലിനുപോയ 10 ബോട്ടുകളുടെ ശ്രമഫലമായാണ് ബോട്ടുകൾ കൊച്ചിയിൽ എത്തിച്ചത്.
ജീസസ് പവർ, നോഹ ആർക്, സെൻറ് ആൻറണി, സെലസ്റ്റിയ എന്നീ ബോട്ടുകളാണ് കൊച്ചിയിൽ എത്തിയത്. ഇതിൽ നോഹ ആർക്, ജീസസ് പവർ എന്നീ ബോട്ടുകൾ എൻജിൻ നിലച്ച് ഒഴുകി നടക്കുകയായിരുന്നു. ഓയിൽ പമ്പ് പൊട്ടിയതിനെത്തുടർന്ന് അഞ്ചുദിവസമാണ് നോഹ ആർക് 260 നോട്ടിക്കൽ മൈൽ അകലെ ഒഴുകിനടന്നത്. കൊച്ചിയിൽനിന്നുപോയ ബോട്ടുകളിലെ തൊഴിലാളികളാണ് എൻജിൻ കേടുപാടുകൾ തീർത്തത്.
അതേസമയം, മത്സ്യകുമാരി എന്ന ചെറു കപ്പലിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച കൊച്ചിയിൽനിന്ന് പോയ 25 ബോട്ട് നടത്തിയ തിരച്ചിലിൽ മറ്റ് മൂന്ന് ബോട്ട് കണ്ടെത്തി. കിൻസാ മോൾ, ഓഷ്യൻ അവർ, സെൻറ് ഹൗസ് എന്നീ ബോട്ടുകളാണ് 34 തൊഴിലാളികളുമായി വ്യാഴാഴ്ച പുലർച്ച കൊച്ചി ഹാർബറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിൽ കയറിയ 10 ബോട്ടും 111 തൊഴിലാളികളും കൊച്ചിയിൽ എത്തി.
കൊച്ചി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽനിന്ന് പോയ ഏഴുവീതം ബോട്ടുകൾ മുങ്ങിയതായി വിവരം ലഭിച്ചു. ഇതിലെ തൊഴിലാളികളെക്കുറിച്ച് വിവരമില്ല. കൊച്ചിയിൽ നിന്നുപോയ അസ്റാ, ഓൾ സെയിൻറ്സ്, വൈഗുല മാതാ, ജെറോമിയ, മാതാ, ഇൻഫൻറ് ജീസസ്, മദർ ഓഫ് വേളാങ്കണ്ണി ബോട്ടുകളാണ് മുങ്ങിയതായി പറയുന്നത്. ഇവയിൽ 79 തൊഴിലാളികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.