ഓഖി: കടൽ അരിച്ചുപെറുക്കാൻ 105 ബോട്ടുകളിറങ്ങി
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കേരള തീരത്ത് 105 ബോട്ടുകളിറങ്ങി. നീണ്ടകര, കൊച്ചി, മുനമ്പം എന്നീ കേന്ദ്രങ്ങളിൽനിന്ന് 25 വീതം ബോട്ടുകളും ബേപ്പൂരിൽനിന്ന് 30 ബോട്ടുകളുമാണ് തിരച്ചിൽ നടത്തുന്നത്. ബോട്ടുടമകളുമായി മുഖ്യമന്ത്രി ഞായറാഴ്ച നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 105 ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത്.
ഫിഷറീസ് ഡയറക്ടറേറ്റാണ് തിരച്ചിലിന് മേൽനോട്ടം വഹിക്കുന്നത്. ഓരോ ബോട്ടിലും അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടുണ്ട്. തിരച്ചിൽ ഡിസംബർ 22 വരെ തുടരും. ബോട്ടുകൾക്കാവശ്യമായ ഡീസലിനുള്ള തുകയും തൊഴിലാളികൾക്കുള്ള അലവൻസും സർക്കാർ ലഭ്യമാക്കും.
നീണ്ടകരയിൽനിന്നുളള 25 ബോട്ടുകൾ നീണ്ടകര മുതൽ ചേറ്റുവ വരെയും കൊച്ചിയിൽനിന്നുളള 25 ബോട്ടുകൾ കൊച്ചി മുതൽ കൊയിലാണ്ടി വരെയും തിരച്ചിൽ നടത്തും. മുനമ്പത്ത് നിന്നുള്ള 25 ബോട്ടുകൾ മുനമ്പം മുതൽ കണ്ണൂർ വരെയും ബേപ്പൂരിൽനിന്നുള്ള 30 ബോട്ടുകൾ ബേപ്പൂർ മുതൽ മംഗലാപുരം വരെയും തിരച്ചിൽ നടത്തും.
മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാൽ ലീഡ് ബോട്ടിൽ എത്തിക്കുകയും ലീഡ് ബോട്ടിെൻറ നേതൃത്വത്തിൽ മൃതദേഹങ്ങൾ ശേഖരിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്ത് ഏറ്റവും അടുത്തുളള ഫിഷറീസ് പേട്രാൾ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. ലീഡ് ബോട്ടിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ സാമഗ്രികൾ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ ലഭ്യമാക്കും.
ഓരോ പ്രദേശത്തുനിന്ന് പുറപ്പെടുന്ന ബോട്ടുകളെല്ലാം തീരത്തിന് സമാന്തരമായി ഏകദേശം നാല് നോട്ടിക്കൽ മൈൽ പരസ്പര അകലം ക്രമീകരിച്ച് തിരച്ചിൽ നടത്തും. ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കുന്നതിന് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുൾപ്പെടെ ലീഡ് ബോട്ട് മധ്യഭാഗത്തായി തിരച്ചിലിൽ പങ്കെടുക്കും.
ദുരന്തത്തിൽ ഇതുവരെ 71 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. 41 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. 179 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന നിലപാടിൽ ലത്തീൻസഭ ഉറച്ചുനിൽക്കുകയാണ്.
എന്നാൽ, എഫ്.െഎ.ആർ തയാറാക്കാത്തവരുടേതുൾപ്പെടെ കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. അതിൽ 300 പേരെ കാണാനില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ, ആ കണക്ക് ശരിയല്ലെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.