350 തൊഴിലാളികളെ കുറിച്ച് വിവരമില്ല: ആഴക്കടലിൽ നാല് മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളി
text_fieldsമട്ടാഞ്ചേരി: ഓഖി ദുരന്തത്തെ തുടർന്ന് 30 ബോട്ടുകളെയും 350 തൊഴിലാളികളെയും കുറിച്ച് വിവരമില്ല. ശക്തമായ ചുഴലിക്കാറ്റിൽപെട്ട് ഉലയുകയായിരുന്ന ബോട്ടുകൾ നാവികസേന ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കൽപേനി ദ്വീപുകളിൽ അടുത്തതെന്ന് കൊച്ചിയിലെത്തിയ തൊഴിലാളികൾ പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് അറിയാതെ രണ്ടുമൂന്ന് ദിവസമായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് ശക്തമായ കാറ്റുണ്ടായത്. വീൽ ഹൗസിനും മറ്റും തകരാർ സംഭവിച്ച ബോട്ടുകൾ നിരവധിയാണ്. ജി.പി.എസ് സംവിധാനവും വയർലെസ് സംവിധാനവും ശക്തമായ തിരയടിയിൽ നശിച്ചതായി തൊഴിലാളികൾ പറഞ്ഞു. 10 എണ്ണം നാവികസേനയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെത്തിച്ചത്.
കേരളത്തില്‍ നിന്ന് 41 പേരും തമിഴ്നാട്ടില്‍ നിന്ന് 189 പേരും അസം സ്വദേശികളായ 14 പേരും ഒറീസയില്‍ നിന്ന് അഞ്ചു പേരും ആന്ധ്രയില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്. 10 ബോട്ടുകൾ മുങ്ങിയതായി രക്ഷപ്പെെട്ടത്തിയ തൊഴിലാളികൾ പറഞ്ഞു.
ഈ ബോട്ടുകളെക്കുറിച്ചോ ഇതിലെ തൊഴിലാളികൾക്ക് എന്ത് സംഭവിച്ചുവെന്നോ ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ലക്ഷദ്വീപിൽനിന്ന് രണ്ടു ബോട്ടുകൾകൂടി രാത്രി വൈകിയെത്തുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ രാജീവ് രഞ്ജൻ പറഞ്ഞു.
അതേസമയം, ആഴക്കടലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന കാഴ്ച മനസ്സ് മരവിപ്പിക്കുന്നതാണെന്ന് ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലെത്തിയ എം.എം. മാതാ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളി പുതിയതുറ സ്വദേശി പീറ്റർ വറീത്.
കൽപേനിയിൽനിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെ ഒഴുകിനടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്. എല്ലാം അഴുകിയ നിലയിലായിരുന്നു. പൊക്കിയെടുത്താൽ എല്ലുകൾ മാത്രം കിട്ടുന്ന നിലയിലായിരുന്നതിനാൽ വേദനിക്കുന്ന മനസ്സോടെ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ തങ്ങളാരും കടലിൽ പോകില്ലായിരുന്നുവെന്നും പീറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.