ഓഖി: രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു; മരണം 42
text_fieldsതിരുവനന്തപുരം/കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. തീര-നാവികസേനകൾ നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. സമർ, സങ്കൽപ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തുനിന്ന് 180 േനാട്ടിക്കൽ മൈൽ അകലെനിന്നും െകാച്ചി വൈപ്പിനിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നിന്നുമായി മൃതദേഹം കണ്ടെടുത്തത്. രണ്ടും തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ വിഴിഞ്ഞത്തും കൊച്ചിയിലുമായി എത്തിച്ചു. ഇതുവരെ മരിച്ചതിൽ പത്തുപേരെ ഇനിയും തിരിച്ചറിയാനുണ്ട്.
ഇതിനിടെ ഞായറാഴ്ച 260 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇതിൽ 40പേർ മലയാളികളാണ്. ലക്ഷദ്വീപ് ഭാഗത്ത് കുടുങ്ങിക്കിടന്നവരെയാണ് ഞായറാഴ്ച 22 ബോട്ടുകളിലായി കൊച്ചിയിൽ എത്തിച്ചത്. തിരിച്ചറിയാനാകാത്തവിധം ശരീരഭാഗങ്ങൾ കടലിൽ ഒഴുകി നടക്കുന്നുണ്ടെന്നും എടുക്കാൻപോലും പറ്റാത്തരീതിയിൽ ജീർണിച്ച അവസ്ഥയിലാണെന്നും രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം സ്ഥിരീകരിക്കാൻ ഞായറാഴ്ചയും സർക്കാറിന് കഴിഞ്ഞിട്ടില്ല. 101 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു. 101പേരെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
നേരത്തേ 113 പേരെ കാണാതായതിൽ 12 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് കണ്ടെത്താനുള്ളവരുടെ എണ്ണം 101 ആയത്. വലിയ വള്ളങ്ങളിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോയ 97പേർ ഇതിനു പുറെമയാണ്. ഇവർ ഏറെനാൾ കഴിഞ്ഞു മടങ്ങുന്നതിനാൽ കാണാതായെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് മൊത്തം ഇനി 95 പേരെ കണ്ടെത്താനുണ്ടെന്നാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ, 30 വള്ളങ്ങളും 350 ഒാളം പേരും ഇനിയും കണ്ടെത്താനുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ജീവിക്കാനുള്ള മനുഷ്യെൻറ അവകാശത്തിന്മേലുള്ള ലംഘനമാണ് ഇവിടെ സംഭവിച്ചതെന്ന് സംസ്ഥാന മനുഷ്യാവകാശ ആക്ടിങ് ചെയർമാൻ കെ. മോഹൻദാസ് ആലപ്പുഴയിൽ പറഞ്ഞു. മത്സ്യങ്ങൾ ചത്ത് പൊന്തുംപോലെയാണ് കടലിൽ മനുഷ്യമൃതദേഹങ്ങൾ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.