ഓഖി: കാണാതായവരുടെ കുടുംബങ്ങൾക്ക് മൂന്നുമാസത്തിനകം സഹായം –മന്ത്രി
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ സഹായങ്ങളും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യുമെന്ന് മന്ത്രി േമഴ്സിക്കുട്ടിയമ്മ.
കാണാതായ കുടുംബങ്ങൾക്ക് ഔദ്യോഗിക നടപടി പൂർത്തിയാകുന്നതുവരെ പ്രതിമാസം 10,000 രൂപ വീതം നൽകും. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളവും വലയും നഷ്ടപ്പെട്ടവർക്ക് നിലവിൽ ഉപയോഗിച്ചിരുന്നതിനേക്കാൾ ആധുനികമായ വള്ളവും വലയും നൽകുന്നത് സംബന്ധിച്ച് തൊഴിലാളി, -സന്നദ്ധ സംഘടനകളുമായി ചർച്ചചെയ്ത് തീരുമാനിക്കും. ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനുമായി ജനുവരി 10ന് മത്സ്യത്തൊഴിലാളി പ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും പ്രത്യേക യോഗം ഗവ. െഗസ്റ്റ് ഹൗസിൽ ചേരും.
ദുരന്തബാധിതരായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനം തുടരുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാനുള്ള നടപടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ഭവനങ്ങൾ നിർമിച്ച് പുനരധിവസിപ്പിക്കും.
ഓഖി ദുരന്തത്തിൽ കുടുംബനാഥന്മാർ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഒരിക്കലും അനാഥമാകില്ലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.