ക്ഷോഭിച്ച കടലിൽ പൊരുതിക്കയറി പ്രണവ്
text_fieldsമട്ടാഞ്ചേരി: കടൽ ഇല്ലാത്ത നാട്ടിൽനിന്നെത്തിയ അസം സ്വദേശി പ്രണവ് സിവിങ്ങിന് ക്ഷോഭിച്ച കടലിനോട് പൊരുതി രക്ഷപ്പെട്ട കാര്യം പറയുമ്പോൾ ആയിരം നാവ്. ചെറുപ്പത്തിൽ വീടിന് മൂന്നു കിലോമീറ്റർ ദൂരെ മാറിയൊഴുകുന്ന മനാസ് നദിയുടെ കരയിൽ പോലും പോകാത്ത താനാണ് ആഴക്കടലിൽനിന്ന് നീന്തി കയറിയത്.
വെള്ളം എന്നാൽ, തനിക്ക് പേടിയായിരുന്നു. കേരളത്തിൽ ബോട്ടിലെ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ കളിയാക്കി. നീന്തലറിയാത്തവൻ എങ്ങനെയാെണടാ സാഗരത്തിൽ ജോലിക്ക് പോകുന്നതെന്നായിരുന്നു പിതാവിെൻറ ചോദ്യം. അമ്മയാകട്ടെ വിടാനും തയാറല്ലായിരുന്നു. കൂട്ടുകാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഒടുവിൽ സമ്മതം മൂളിയത്. കൊല്ലത്ത് കുടെയുള്ള തൊഴിലാളികൾ നീന്തുന്നത് കണ്ടപ്പോൾ പതുക്കെ നീന്തി തുടങ്ങി. പിന്നീട് അത് ഹോബിയായി മാറി. ഈ നീന്തൽ പഠനം ജീവൻ രക്ഷക്ക് തുണയാകുമെന്ന് കരുതിയില്ല-സിവിങ് പറഞ്ഞു.
നവംബർ 28നാണ് പ്രണവ് അടക്കം 11 അംഗ സംഘം സൈമൺ എന്ന ബോട്ടിൽ കടലിലേക്ക് തിരിച്ചത്. 29ന് വൈകീട്ട് ശക്തമായ കാറ്റടിച്ചു. വല വലിച്ചു കയറ്റവെ ശക്തമായ തിരമാലയും കാറ്റും ഒന്നിച്ചടിച്ചതോടെ പ്രണവ് കടലിലേക്ക് വീണു. ഈ സമയം ബോട്ടും തിരയിൽപ്പെട്ട് ദൂരേക്ക് മാറി.
മാതാപിതാക്കളുടെ വാക്ക് ലംഘിച്ചതിെൻറ ശിക്ഷയാണോ എന്നുപോലും ചിന്തിച്ചു. പിന്നെ മനസ്സുരുകി പ്രാർഥിച്ചു. ഈ സമയം ബോട്ടിൽനിന്ന് കയർ എറിഞ്ഞെങ്കിലും അടുത്തേക്ക് വന്നില്ല. പിന്നെ രണ്ടും കൽപിച്ച് ബോട്ടിനെ ലക്ഷ്യമാക്കി നീന്തി. ബോട്ടിനടുത്തെത്തിയ പ്രണവിനെ മറ്റു തൊഴിലാളികൾ വലിച്ചുകയറ്റി. കുറെ വെള്ളം കുടിച്ചെങ്കിലും പ്രതികൂല സാഹചര്യത്തിലും നീന്തി കയറാനായതിൽ സ്വയം അദ്ഭുതം കൂറി.
ചുഴലിക്കാറ്റിൽനിന്ന് രക്ഷപ്പെട്ട് ലക്ഷദ്വീപിലെത്തി വീട്ടിലേക്ക് വിളിച്ചപ്പോഴും കടലിൽ വീണ കാര്യം അറിയിച്ചില്ല. വീട്ടുകാർ പേടിക്കണ്ട എന്നായിരുന്നു ചിന്ത. തോപ്പുംപടി ഹാർബറിലെത്തിയപ്പോഴാണ് അസം സ്വദേശികളായ മറ്റു സുഹൃത്തുക്കളെ കണ്ടത്. താൻ കടലിൽ നീന്തി രക്ഷപ്പെട്ട കാര്യം അവർക്കും വിശ്വസിക്കാനാവുന്നില്ല. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു കഴിഞ്ഞു. ഏഴാം കടലിനക്കരെയാണെങ്കിലും നീന്തി രക്ഷപ്പെടാനുള്ള ഒരു ഉണർവ് തനിക്ക് കിട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.