മന്ത്രിമാർക്കു നേരെ രണ്ടാം ദിനവും പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സിക്കുട്ടിയമ്മക്കുമെതിരെ രണ്ടാംദിനത്തിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ബഹളംവെച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനൊപ്പം തിങ്കളാഴ്ച തീരത്ത് എത്തിയേപ്പാഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധവും ആക്രോശവും.
കേന്ദ്രമന്ത്രിക്കൊപ്പം ഇരുവരെയും കണ്ടതുമുതൽ ജനങ്ങൾ രോഷാകുലരായിരുന്നു. കേന്ദ്രമന്ത്രി മാത്രം പ്രദേശത്ത് കാലുകുത്തിയാൽ മതിയെന്നും സംസ്ഥാന മന്ത്രിമാർ ഇങ്ങോട്ടേക്ക് വരേണ്ടെന്നും ജനങ്ങൾ വിളിച്ചുപറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കനത്ത പൊലീസ് വലയത്തിലാണ് ഇരുവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചത്. നിർമല സീതാരാമൻ പ്രസംഗിക്കുന്നതിനിടയിലും ജനങ്ങള്‍ക്കിടയില്‍നിന്ന് മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം ഉയർന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും അധികൃതര്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും മത്സ്യത്തൊഴിലാളികൾ വിളിച്ചു പറഞ്ഞു. അവസാനം നിർമല സീതാരാമൻ ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു. ദുരന്തമുണ്ടായപ്പാൾ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും അതിനാൽ സർക്കാറിനെയും രക്ഷാപ്രവർത്തകരെയും സംശയത്തിെൻറ നിഴലിൽ നിർത്തരുതെന്നും കൈകൂപ്പിക്കൊണ്ട് കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ഇതോടെയാണ് മത്സ്യത്തൊഴിലാളികൾ ഒന്നടങ്ങിയത്. കേന്ദ്രമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. നിർമല സീതാരാമനൊപ്പം വിഴിഞ്ഞത്തെത്തിയപ്പോഴും മന്ത്രിമാർക്ക് ഇതുതന്നെയായിരുന്നു അവസ്ഥ.
അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിഴിഞ്ഞത്തും പൂന്തുറയിലും ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെ ഇരുകൈയും നീട്ടി നാട്ടുകാർ സ്വീകരിച്ചു. രാവിലെ പൂന്തുറയിലും പിന്നീട് വിഴിഞ്ഞത്തുമെത്തിയ അദ്ദേഹം അരമണിക്കൂറോളം ദുരിതബാധിതരുടെ കുടുംബാംഗങ്ങേളാടൊപ്പം ചെലവിട്ടു. ഉച്ചയോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സുരേഷ് ഗോപി എം.പിയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.