പിരിയില്ല നാം, ഇനി ഇൗ കൂട്ടിലും
text_fieldsകൊച്ചി: കൈപിടിച്ച നാൾ മുതൽ ഒരുമിച്ചു കഴിഞ്ഞവർ. മക്കൾ കൈയൊഴിയുന്നതോടെ അവർ വൃദ്ധസദനങ്ങളിലെത്തുന്നു. പരസ്പരം താങ്ങാവേണ്ട കാലത്ത് രണ്ടിടങ്ങളിലാണ് പിന്നീട് അവരുടെ ജീവിതം. ഉറ്റവർ ഉപേക്ഷിക്കുന്നതോടെ വൃദ്ധമന്ദിരങ്ങളിൽ വേർപിരിഞ്ഞ് കഴിയാൻ വിധിക്കപ്പെടുന്ന ദമ്പതിമാർക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സാമൂഹികനീതി വകുപ്പ്. സംസ്ഥാനത്ത് ആദ്യമായി ദമ്പതിമാർക്ക് മാത്രമുള്ള വൃദ്ധസദനം വൈകാതെ തിരുവനന്തപുരത്ത് നിർമാണം ആരംഭിക്കും.
നിലവിൽ സർക്കാർ മേഖലയിലെ വൃദ്ധസദനങ്ങളിൽ ദമ്പതിമാരെ ഒരുമിപ്പിച്ച് താമസിപ്പിക്കാൻ സംവിധാനമില്ല. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് എത്തുന്ന ദമ്പതിമാരെ രണ്ടിടത്തായി പാർപ്പിക്കുകയാണ് പതിവ്. ഇൗ സാഹചര്യത്തിലാണ് വയോദമ്പതികൾക്ക് പ്രത്യേക വൃദ്ധമന്ദിരം എന്ന ആശയം നടപ്പാക്കുന്നത്. മേഖല തലത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാകും ഇത്തരം വൃദ്ധമന്ദിരങ്ങൾ സ്ഥാപിക്കുക. ആദ്യ മന്ദിരത്തിെൻറ നിർമാണം തിരുവനന്തപുരം പുലയനാർകോട്ടയിൽ നവംബർ ഒന്നിന് തുടങ്ങുമെന്ന് സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകർ ‘മാധ്യമ’ത്തോട് പറഞ്ഞു. 2.78 കോടി ചെലവിൽ സ്റ്റുഡിയോ അപ്പാർട്ട്മെൻറിനോട് അടുത്തുനിൽക്കുന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
35 ദമ്പതിമാർക്ക് താമസസൗകര്യമുണ്ടാകും. ഒാരോരുത്തർക്കും സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും പ്രത്യേകം കിടപ്പുമുറിയും ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കും. സമാന താൽപര്യക്കാരായ വയോജനങ്ങൾക്ക് സംഘം ചേർന്ന് വൃദ്ധസദനം നടത്താനും അവിടെ താമസിക്കാനും സൗകര്യം ഒരുക്കുന്ന പദ്ധതിയും പരിഗണനയിലാണ്.
പ്രത്യേക മതസ്ഥർക്കോ വ്യത്യസ്ത ജീവിതരീതിയും സംസ്കാരവും പിന്തുടരുന്നവർക്കോ ഇങ്ങനെ അവരുടെ താൽപര്യത്തിനനുസരിച്ച് സ്ഥലം കണ്ടെത്തി വൃദ്ധസദനം സ്ഥാപിക്കാം. നടത്തിപ്പ് ചെലവിെൻറ ചെറിയൊരു ഭാഗം സർക്കാർ വഹിക്കും. എല്ലാത്തരം വയോധികരെയും ഒരുമിച്ച് ഒരു വൃദ്ധമന്ദിരത്തിൽ താമസിപ്പിക്കുന്നതിന് പകരം സാമൂഹിക പശ്ചാത്തലം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മാനദണ്ഡമാക്കി വേർതിരിച്ച് പാർപ്പിക്കുന്ന പദ്ധതിയും ആലോചനയിലാണെന്ന് സാമൂഹികനീതി സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.