പരിശോധന നിലച്ചു; പഴകിയ മത്സ്യവിൽപന തകൃതി
text_fieldsബേപ്പൂർ: ട്രോളിങ് നിരോധനം മൂലം മത്സ്യത്തിെൻറ ലഭ്യതകുറഞ്ഞ സാഹചര്യത്തിൽ പഴകിയ മീൻ വിൽപന വഴിയോരങ്ങളിലടക്കം വ്യാപകമായി. ലോക്ഡൗൺ സമയങ്ങളിൽ ഉണ്ടായിരുന്ന ശക്തമായ പരിശോധന ഇപ്പോൾ വേണ്ടത്രയില്ലെന്നാണ് ആക്ഷേപം. ഇതാടെ, ഏതുതരം മത്സ്യവും യഥേഷ്ടം വിൽപന നടത്താൻ വ്യാപാരികൾക്ക് അവസരമായി.
ഒരു മാനദണ്ഡവും പാലിക്കാതെ വഴിയോരങ്ങളിലും അങ്ങാടികളിലും മറ്റും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇപ്പോൾ രംഗത്തുള്ളത്.
അധികമായി ലഭിക്കുന്ന മത്സ്യം, കൃത്രിമ രാസവസ്തുക്കൾ ചേർത്ത് സൂക്ഷിക്കുകയും മത്സ്യലഭ്യത കുറഞ്ഞ സമയങ്ങളിൽ എത്തിച്ച് കൂടിയ വിലക്ക് വിൽപന നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വൻ ശീതീകരണ സംഭരണികളിൽ സൂക്ഷിച്ച മത്സ്യങ്ങൾ ആന്ധ്ര, തമിഴ്നാട്,കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ അന്തർ സംസ്ഥാനങ്ങളിൽനിന്ന് ടൺ കണക്കിനാണ് മാർക്കറ്റുകളിൽ എത്തുന്നത്.
നേരേത്ത അമോണിയയും ഫോർമാലിൻ കലർത്തിയതുമായ മീനുകൾ വിൽപന നടത്തുന്ന പരാതി വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് ‘ഓപറേഷൻ സാഗർ റാണി’ എന്നപേരിൽ പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനെതുടർന്ന് വിവിധ പ്രദേശങ്ങളിൽനിന്ന് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തിൽ ടൺകണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയും സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരുകയുംചെയ്തതോടെ പഴയ മത്സ്യങ്ങളുടെ വരവ് വീണ്ടും ആവർത്തിച്ചുവെന്നാണ് ആക്ഷേപം.
തിരണ്ടി, സ്രാവ് വിവിധതരം ചൂര മീനുകൾ, വറ്റ (വലിയ കടുകപ്പാര), ഓല മീൻ, ആവോലി തുടങ്ങിയവ അന്തർസംസ്ഥാനങ്ങളിൽനിന്ന് ധാരാളമായി എത്തുന്നുണ്ട്.
മീൻ കച്ചവടം നടത്തുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് എന്നിവ ആവശ്യമാണ്.
ഇവയൊന്നുമില്ലാതെയാണ് മിക്കയിടത്തും വിൽപന. ഗുണനിലവാരം തിരിച്ചറിയാൻ സാധാരണക്കാരന് ഒരു മാർഗവുമില്ല.
നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന മാത്രമാണ് ഇതിനായുള്ള മാർഗം. ഉപഭോക്താക്കൾക്കുപോലും പരിശോധിക്കാൻ സാധിക്കുന്ന ‘കിറ്റ് ’ ലഭ്യമാക്കുമെന്ന് നേരേത്ത ഫിഷറീസ് വകുപ്പ് പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.