ഭാർഗവി നിലയമായി ജില്ലയിലെ പഴയ അതിഥിമന്ദിരം
text_fieldsകോട്ടയം: പഴമയുടെയും പെരുമയുടെയും ഒരുപാട് കഥകൾ പറയും കാരാപ്പുഴയിലെ പഴയ ഗെസ്റ്റ് ഹൗസ് കെട്ടിടം. ഒരുകാലത്ത് കെട്ടിടം സംസ്ഥാനത്തെ ഏറ്റവും മികച്ച അതിഥി മന്ദിരങ്ങളിലൊന്നായിരുന്നു. കോട്ടയത്തെത്തുമ്പോൾ നടന്മാരായ പ്രേംനസീറും സത്യനും സ്ഥിരമായി താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസാണ് ഇടിഞ്ഞുവീഴാറായി നിൽക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കുമെന്ന് നഗരസഭ പറഞ്ഞിട്ട് വ്യാഴവട്ടം പിന്നിട്ടിട്ടും നടപടിയായില്ല.
കെട്ടിടത്തിന്റെ പലയിടത്തും ചെടികൾ മുളച്ചും തറയും ഭിത്തിയും വിണ്ടുകീറുകയും കോൺക്രീറ്റ് പാളികളും അടർന്നുവീണു. ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്ടങ്ങളും ടയറുകളും ചാക്കിലാക്കിയ മാലിന്യവും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൂട്ടിയിട്ടിട്ടുണ്ട്. നിലവിൽ കെട്ടിടം പൊളിച്ചുമാറ്റാൻ സീൽ ചെയ്തിരിക്കുകയാണ്. കെട്ടിടത്തിന്റെ മറ്റൊരുവശത്താണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന നാട്ടുകാർക്കും ജീവനക്കാർക്കും കുടിവെള്ള സൗകര്യമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ല. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണിവിടം. ട്യൂബുകളുടെയും കുപ്പിച്ചില്ലുകളുടെയും മാലിന്യക്കൂമ്പാരത്തിനും നടുവിലാണ് കൃഷിഭവന്റെ പ്രവർത്തനം.
ചരിത്രമുറങ്ങുന്ന റൂം നമ്പർ 111...
ഒട്ടേറെ സിനിമ ചര്‍ച്ചകള്‍ക്ക് വേദിയായ 111ാം നമ്പര്‍ മുറി ഇപ്പോൾ ഭാർഗവി നിലയത്തിന് സമാനമാണ്. കോട്ടയത്ത് എത്തിയാല്‍ നടൻ പ്രേംനസീറിന് ആകെ നിർബന്ധമുള്ള കാര്യമായിരുന്നു താമസിക്കാന്‍ 111ാം നമ്പര്‍ മുറി വേണമെന്നത്.
സിനിമാതാരങ്ങളെ മാത്രമല്ല ഒരുകാലത്ത് കോട്ടയത്തെ മുതിര്‍ന്ന നേതാക്കളെ കാണണമെങ്കില്‍ ഈ ഗെസ്റ്റ് ഹൗസില്‍ എത്തണമായിരുന്നു. ഇവിടെയെത്തുന്ന നടന്മാരായ സത്യനെയും പ്രേംനസീറിനെയും അടൂർ ഭാസിയെയും രാഷ്ട്രീയ നേതാക്കളെയും കാണാൻ പുറത്ത് ആരാധകരുടെയും അണികളുടെയും തിരക്കായിരുന്നു. ഷീല, കെ.പി. ഉമ്മര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, എസ്.പി. പിള്ള തുടങ്ങിയ താരങ്ങളും അണിയറപ്രവര്‍ത്തകരും ഇവിടത്തെ താമസക്കാരായിരുന്നു. കോട്ടയത്തെ ആദ്യ ഗെസ്റ്റ് ഹൗസ് നിലംപൊത്തുമ്പോള്‍ ഓര്‍മയാകുന്നത് ചരിത്രങ്ങള്‍ കൂടിയാണ്. കെട്ടിടത്തെ സംരക്ഷിച്ച് നിലനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും കാലപ്പഴക്കവും ശോച്യാവസ്ഥയും കണക്കിലെടുത്ത് പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാടത്തിറങ്ങാതെ ഏഴു വർഷമായി ട്രാക്ടർ കരയിൽ
കോട്ടയം: വാങ്ങിയിട്ട് ഇന്നുവരെ പാടം തൊടാതെ തുരുമ്പെടുത്ത് നശിച്ച ട്രാക്ടർ പഴയ ഗെസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ പരിസരത്ത് അന്ത്യശാസം വലിക്കുന്നു. ഏഴ് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ട്രാക്ടറാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. 15 വർഷത്തിന് ശേഷമേ ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചുവിൽക്കാൻ ടെൻഡർ ക്ഷണിക്കൂ എന്നിരിക്കെ ട്രാക്ടർ സ്മാരകമായി അവശേഷിക്കുകയാണ്. കൊയ്ത്തുകാലങ്ങളിൽ പാടശേഖര സമിതിയും മറ്റ് കർഷകരും ആശ്രയിച്ചത് ഇടനിലക്കാരിൽനിന്നുള്ള ട്രാക്ടറും കൊയ്ത്തുയന്ത്രങ്ങളുമാണ്. ട്രാക്ടറിന്റെ ടയറുകൾക്ക് വലിയ കേടുപാടുകളില്ല. വാങ്ങിയിട്ട് ഇതുവരെ വേണ്ടരീതിയിൽ ട്രാക്ടർ ഉപയോഗിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.