കോവിഡ് ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ വയോധികൻെറ ഫലം നെഗറ്റിവ്
text_fieldsമുക്കം: കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞ വയോധികന് ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റിവ്. ഒരാഴ്ചക്കു ശേഷമാണ് ഫലം ബന്ധുക്കൾക്ക് ലഭിച്ചത്. സംഭവത്തെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഡയറക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും കലക്ടർക്കും പരാതി നൽകി.
മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി സ്വദേശി ബങ്കളത്ത് മുഹമ്മദാണ് ഇക്കഴിഞ്ഞ ആറിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തിയിരുന്നു. മരിച്ചതിനുശേഷം ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
മൃതദേഹം പത്തു മണിക്കൂർ കഴിഞ്ഞാണ് വിട്ടുകൊടുത്തത്. 49,600 രൂപയുടെ ബില്ലും നൽകി. പ്രോട്ടോകോൾ പ്രകാരം ഖബറടക്കത്തിനുവേണ്ടി 500 മീറ്റർ റോഡുവരെ വെട്ടേണ്ടിവന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഖബറൊരുക്കിയത്. മരിച്ച മുഹമ്മദിെൻറ വീട് സ്ഥിതിചെയ്യുന്ന ഭാഗം അടച്ചിട്ടതായും പരാതിയിലുണ്ട്.
കോവിഡ് മരണമായി പ്രഖ്യാപിച്ചതോടെ ബന്ധുക്കൾക്ക് മൃതദേഹം ഒരുനോക്ക് കാണാനോ മതപരമായ ചടങ്ങുകൾ നടത്താനോ സാധിക്കാതെപോയി. കുടുംബങ്ങൾ ഒരാഴ്ചക്കാലം നിരീക്ഷണത്തിൽ കഴിയേണ്ടിയും വന്നു.
ഖബറടക്കം കഴിഞ്ഞ് പിറ്റേന്ന് കോവിഡ് പരിശോധന ഫലത്തിെൻറ കോപ്പി ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ഒരാഴ്ച്ചകഴിഞ്ഞാണ് നൽകിയത്. അത് നെഗറ്റിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.