പഴയ പ്ലാസ്റ്റിക്കിനും നികുതി; ജി.എസ്.ടി പരിസ്ഥിതിക്കും പാരയാകും
text_fieldsകൊച്ചി: ജി.എസ്.ടിയിൽ 18 ശതമാനം നികുതി ഏർപ്പെടുത്തിയത് പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കും തിരിച്ചടിയാകുന്നു. നികുതി വന്നതോടെ വീടുകളിൽനിന്നും കടകളിൽനിന്നും പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വാങ്ങുന്നതും കയറ്റി അയക്കുന്നതും ഗണ്യമായി കുറഞ്ഞു.
ഇത് ഭാവിയിൽ സംസ്ഥാനത്ത് പരിസ്ഥിതിക്ക് ഗുരുതര ഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് വഴിവെച്ചേക്കും. പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിച്ച് നേരിട്ട് വിൽക്കുന്നതിനോ കയറ്റിഅയക്കുന്നതിനോ നികുതി ഉണ്ടായിരുന്നില്ല. സംസ്കരിച്ച് പൊടിയാക്കി കമ്പനികൾക്ക് വിൽക്കുന്നതിന് മാത്രമായിരുന്നു അഞ്ചു ശതമാനം നികുതി. ഇതുമൂലം പുനഃസംസ്കരിക്കാവുന്നതും അല്ലാത്തതുമായ പഴയ പ്ലാസ്റ്റിക് വസ്തുക്കൾ വൻതോതിൽ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കപ്പെട്ടിരുന്നു.
കേരളത്തിനകത്ത് സംസ്കരിക്കാത്തവ ഡൽഹിയിലേക്കും തമിഴ്നാട്ടിലേക്കുമാണ് അയച്ചിരുന്നത്. ഇവയിൽ പകുതിയോളം പുനഃസംസ്കരിച്ച് വിലകുറഞ്ഞ ഉൽപന്നങ്ങളാക്കും. ബാക്കി പരിസ്ഥിതിക്ക് ദോഷകരമാവാത്ത വിധം നശിപ്പിക്കുകയാണ് പതിവ്. പരിസ്ഥിതി സംരക്ഷണം ഒേട്ടറെ വെല്ലുവിളി നേരിടുന്ന കേരളത്തെ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഒരു പരിധിവരെ സംരക്ഷിച്ചുനിർത്താൻ ഇത് സഹായിച്ചിരുന്നു.
ജി.എസ്.ടി വന്നതോടെ പഴയ പ്ലാസ്റ്റിക്കുകൾക്കെല്ലാം 18 ശതമാനം നികുതിയായി. പുതിയ പ്ലാസ്റ്റിക്കിന് വില കുറയുകയും ചെയ്തു. പഴയതും പുതിയതും തമ്മിൽ വിലയിലുള്ള അന്തരം ഗണ്യമായി കുറഞ്ഞതോടെ ഭൂരിഭാഗം കമ്പനികളും പഴയത് എടുക്കാൻ വിമുഖത കാണിക്കുകയാണ്.
സംസ്ഥാനത്തുനിന്ന് പ്രതിമാസം 400 ട്രക്ക് പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കയറ്റിപ്പോകുന്നുണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ, നികുതി വന്നതോടെ പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇപ്പോൾ പഴയതുപോലെ ശേഖരിക്കപ്പെടുന്നില്ല. അനുബന്ധ ചെലവുകൾ കിഴിച്ചാൽ കച്ചവടത്തിൽ കാര്യമായ ലാഭമില്ലാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.