ആശങ്കയിൽ കെ.എസ്.ഇ.ബി; ലൈൻ വലിക്കാൻ നഷ്ടപരിഹാരം നൽകണോ?
text_fieldsപാലക്കാട്: 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ടെലികമ്യൂണിക്കേഷൻസ് ബില്ലിന് വഴിമാറിയപ്പോൾ ആശങ്കയിലായത് കെ.എസ്.ഇ.ബി. ഇതുവരെ ടെലിഗ്രാഫ് ആക്ട് ആധാരമാക്കിയാണ് പുതിയ ലൈൻ വലിക്കൽ ഉൾപ്പെടെ നടത്തിയിരുന്നത്.
ഈ നിയമത്തിൽ ഇത് ചോദ്യം ചെയ്യാനാവാത്ത അധികാരമായിരുന്നെങ്കിൽ ടെലി കമ്യൂണിക്കേഷൻസ് ബില്ലിൽ ലൈൻ വലിക്കൽ ഉൾപ്പെടെയുള്ളവ സ്വകാര്യവ്യക്തികൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുക്കേണ്ട ഒന്നായി മാറി. മാത്രമല്ല, കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വ്യക്തിക്കായിരിക്കും ഇതുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം.
പഴയ ടെലിഗ്രാഫ് നിയമം ആധാരമാക്കിയ ‘വൈദ്യുതിനിയമം’ പരിഷ്കരിക്കണോ പുതിയ ടെലികമ്യൂണിക്കേഷൻസ് ചട്ടങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോകണോ എന്നാണ് കെ.എസ്.ഇ.ബിയിലെ ചർച്ച.
1885ലെ ടെലിഗ്രാഫ് ആക്ടിലെ അധികാരങ്ങൾ ഉപയോഗിച്ചാണ് സ്വകാര്യവ്യക്തികളുടെയും സർക്കാറിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെ ലൈനുകളും പോസ്റ്റുകളും സ്ഥാപിച്ചിരുന്നത്. സ്വകാര്യ വസ്തുവിലൂടെ ഉടമയുടെ അനുമതിയില്ലാതെത്തന്നെ ലൈൻ വലിക്കാൻ ടെലിഗ്രാഫ് ആക്ടിലെ വകുപ്പുകളാണ് കെ.എസ്.ഇ.ബി ഉപയോഗിക്കുന്നത്. തർക്കം വന്നാൽ തീർപ്പുകൽപിക്കേണ്ടത് അഡീഷനൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് (എ.ഡി.എം) ആണ്.
ഉൾപ്രദേശത്തെ പല വീടുകൾക്കും കണക്ഷൻ നൽകുന്നതിന് ലൈൻ വലിക്കാൻ ഭൂ ഉടമകൾ തടസ്സം നിൽക്കുമ്പോൾ എ.ഡി.എമ്മിന്റെ ഉത്തരവ് പ്രകാരമാണ് ലൈൻ വലിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് 1885ലെ ടെലിഗ്രാഫ് ആക്ട്, 1933ലെ ഇന്ത്യൻ വയർലെസ് -ടെലിഗ്രാഫി ആക്ട് എന്നിവ ഇല്ലാതാക്കി പകരം ടെലികമ്യൂണിക്കേഷൻസ് ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായത്. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും. ഈ നിയമത്തിൽ ടെലികമ്യൂണിക്കേഷൻ ശൃംഖലകളുടെ വിന്യാസം വിവരിക്കുന്നിടത്ത് സ്വകാര്യ സ്ഥലങ്ങളുടെ പരിസരത്തുകൂടിയുള്ള ലൈനിന് വ്യക്തിയുടെ സമ്മതത്തോടെ നഷ്ടപരിഹാരമോ വാടകയോ നൽകി വേണമെന്ന് വ്യവസ്ഥയുണ്ട്. ടെലികമ്യൂണിക്കേഷൻ ലൈനിന്റെ കാര്യമാണ് പറയുന്നതെങ്കിലും ടെലിഗ്രാഫ് ആക്ട് പോലെ വൈദ്യുതി നിയമത്തിലും ഇത് പാലിക്കേണ്ടി വരുമെന്നിടത്താണ് ആശങ്ക ഉയരുന്നത്.
പൊതു സ്ഥലമാണെങ്കിൽ അതത് വകുപ്പുകൾക്ക് അപേക്ഷ നൽകി ഏറ്റെടുക്കാമെന്നും പരാതിയുണ്ടെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ അവതരിപ്പിച്ച് തീർപ്പാക്കാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
സ്വകാര്യവ്യക്തികൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഏജൻസി തീർപ്പാക്കുമെന്നും ബില്ലിലുണ്ട്. വൈദ്യുതി ലൈനുകൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും ടവറുകളുടെ കാര്യത്തിലാകും പരിഷ്കരണ നടപടി ആശങ്ക ഉണ്ടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.