പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീട്ടിലെത്തി, വയോധികയുടെ സ്വർണമാല പൊട്ടിച്ചു; പ്രതി പിടിയിൽ
text_fieldsഅങ്കമാലി: പീച്ചാനിക്കാട് ഭാഗത്ത് വീടുകൾ കയറിയിറങ്ങി പഴയ തുണികൾ ശേഖരിക്കാനെന്ന മറവിലെത്തി വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകക്ക് താമസിക്കുന്ന ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിൻ്റെ മുൻവശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച മാല പൊലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി പ്രതി കുടുംബാവുമൊത്ത് കേരളത്തിലാണ് താമസം.
ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ എൽദോ കെ.പോൾ, എ.എസ്.ഐ ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ മിഥുൻ, അജിത്, ഷൈജു അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിനിടെ, ഇത്തരം സഹായങ്ങളും ഇടപാടുകളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.