മുറ്റമടിച്ച് തത്ത സമ്പാദിച്ചത് ലക്ഷത്തിലധികം രൂപ
text_fieldsകോട്ടായി (പാലക്കാട്): മുറ്റമടിച്ചുകിട്ടിയ പണം വയോധിക ചാക്കിൽകെട്ടി സൂക്ഷിച്ചത് വർഷങ്ങളോളം. ചാക്കുകെട്ട് അഴിച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ലക്ഷത്തിലധികം രൂപ. കോട്ടായി ചെറുകുളം പാലക്കോട് തത്തയാണ് (85) പണം ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്നത്. ചെമ്പൈ ഗ്രാമത്തിലെ വീടുകളിൽ മുറ്റമടിച്ചും മറ്റും കിട്ടിയ ഇവരുടെ സമ്പാദ്യമായിരുന്നു ഇത്. അവിവാഹിതയായ തത്ത, സഹോദരീ പുത്രന്മാരുടെ ഒപ്പമാണ് താമസം. ഇവരുടെ മുറിയിൽ വീട്ടുകാരെ ആരെയും കയറ്റാറില്ലത്രെ. കഴിഞ്ഞദിവസം മുറിയിൽ പാമ്പ് കയറി. പാമ്പിനെ തിരയാൻ പരിസരവാസികൾ ചാക്ക് വലിച്ചു പുറത്തിട്ടു.
മഴ നനഞ്ഞ ചാക്കിൽ നോട്ടാണെന്ന കാര്യം ആർക്കുമറിയുമായിരുന്നില്ല. പണം ഉണക്കാൻ ശനിയാഴ്ച തത്ത കോടായി ചെമ്പൈ മൈതാനത്ത് എത്തിയപ്പോഴാണ് ഇത് വെളിപ്പെട്ടത്. ഉച്ചയോടെ എത്തിയ തത്ത, നീളമുള്ള തുണി വിരിച്ച് നോട്ടുകൾ അട്ടിയട്ടിയായി ഉണക്കാനിട്ടു. ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികൾ മുതിർന്നവരെ അറിയിച്ചു. അവർ കോട്ടായി പൊലീസിലും അറിയിച്ചു. എസ്.ഐ ആർ. രാജേഷിെൻറ നേതൃത്വത്തിൽ പൊലീസെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി. 1,10,000 രൂപയോളം ഉണ്ടായിരുന്നു.
കൂടുതലും പത്തിെൻറയും അഞ്ചിെൻറയും നോട്ടുകൾ. കൂട്ടത്തിൽ ഉണ്ടായിരുന്ന 500 രൂപയുടെ കെട്ടഴിച്ച് എണ്ണിയപ്പോൾ 30,000 രൂപയോളം ഉണ്ടായിരുന്നു. പക്ഷേ, എല്ലാം പഴയ നോട്ടുകൾ. ചെമ്പൈ ഗ്രാമത്തിലെ വീടുകളിൽ മുറ്റമടിച്ചും മറ്റും കിട്ടിയ ഇവരുടെ സമ്പാദ്യമായിരുന്നു ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.