വൈറലായ ആനയും പാപ്പാനും തൃശൂർ പൂരത്തിലെ നിത്യസാന്നിധ്യം
text_fieldsതൃശൂർ: പാപ്പാെൻറ മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച വൈറലായ വിഡിയോയിലെ ഓമനച്ചേട്ടനും കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തനും തൃശൂർ പൂരത്തിലെ നിത്യസാന്നിധ്യം.
പാലയിൽനിന്ന് തൃശൂർ പൂരത്തിലെ പാറമേക്കാവിന് വേണ്ടി എത്തി എഴുന്നള്ളിപ്പിൽ പങ്കെടുത്തു തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായെന്ന് ഓമനച്ചേട്ടൻ എന്ന ദാമോരൻ നായർ കഴിഞ്ഞ തൃശൂർ പൂരത്തിലെത്തിയപ്പോൾ 'മാധ്യമ'ത്തോട് പങ്കുവെച്ചിരുന്നു. ''പൂഴി മേലെയിട്ടാൽ താഴേ വീഴാത്തത്രയും ജനസഞ്ചയം ഓടിക്കൂടാറുള്ള പൂരമാണിത്. ആളുകളെത്താതെ വെറും ചടങ്ങായി നടക്കുന്നതു കാണുേമ്പാൾ നെഞ്ചുപൊട്ടുന്നു'' -അന്ന് ഓമനച്ചേട്ടൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പാപ്പാനായ ഓമനച്ചേട്ടൻ 14 വയസ്സ് മുതൽ ആനകളുമായി കൂട്ടുകൂടിത്തുടങ്ങിയതാണ്. അന്ന് മുതൽ തന്നെ തൃശൂർ പൂരം കണ്ട് തുടങ്ങിയതാണ്. ''ഇപ്പോൾ എനിക്ക് 75 വയസ്സായി. ആദ്യമായാണ് ഇങ്ങനെ പൂരം കാണുന്നത്. വല്ലാത്ത നിരാശതോന്നുന്നു. കോവിഡ് പ്രശ്നക്കാരനാണെന്നത് സത്യം തന്നെ. ആചാരത്തിെൻറ ഭാഗമായെങ്കിലും ചടങ്ങ് നടന്നത് വലിയ കാര്യം''- അദ്ദേഹം പല്ലാട്ട് ബ്രഹ്മദത്തനെ തലോടി പറഞ്ഞു.
ഓമനച്ചേട്ടൻ മരിച്ചപ്പോൾ കാണാനെത്തിയ കൊമ്പൻ ബ്രഹ്മദത്തൻ അന്ത്യാഞ്ജലി അർപ്പിച്ച കാഴ്ച കണ്ട ആരോ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഓമനച്ചേട്ടെൻറ കൈവിരുതിലാണ് പല്ലാട്ടു ബ്രഹ്മദത്തൻ ആർക്കും വഴങ്ങുന്ന ശാന്തസ്വഭാവക്കാരനായ ആനയായി മാറിയതെന്നും മകനെപ്പോലെയാണ് അദ്ദേഹം ആനയെ പരിപാലിച്ചതെന്നും ആനയുടെ ഉടമ പല്ലാട്ട് രാജേഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.