ഓമനകുട്ടൻ വധം: പ്രതി കുറ്റക്കാരൻ, ശിക്ഷ ഇന്ന്
text_fieldsകൊല്ലം: ഒപ്പം ജോലി ചെയ്തയാളിനെ മുന്‍ വിരോധത്താൽ തൂമ്പകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരാനാണെന്ന് കോടതി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ഇളമ്പള്ളൂർ പെരുംപുഴ അസിസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം മാടൻവിള വടക്കതിൽ വീട്ടിൽ ഓമനക്കുട്ടനെ (50) കൊലപ്പെടുത്തിയ കേസില്‍ കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനുഭവനില്‍ മനു (42)വിനെയാണ് കൊല്ലം 4ാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്. സുഭാഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2020 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇളംമ്പള്ളൂര്‍ പെരുമ്പുഴ ചേരിയിലുള്ള ഒരു ഡോക്ടറുടെ വീട്ടിലെ കൃഷിപ്പണിക്കാരായിരുന്നു ഇരുവരും. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഉറങ്ങാനായി പോയി.
ഓമനക്കുട്ടന് രക്തം വാര്‍ന്ന് കിടക്കുന്നതായി മനു അറിയിച്ചതിനുസരിച്ച് വീട്ടുടമസ്ഥനും മകനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അന്വേഷണത്തിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തേ ഓമനക്കുട്ടന്റെ വീട്ടില്‍ നിന്ന് മനു 20000 രൂപ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓമനക്കുട്ടന് മനുവിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിന്റെ വിരോധത്തില്‍ ഓമനക്കുട്ടന് ഉറങ്ങുമ്പോൾ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. വിറക് കഷ്ണം കൊണ്ട് മുഖത്തും അടിച്ച് പരിക്കേൽപിച്ചിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.