നിയമനക്കത്ത്: ആര്യ രാജേന്ദ്രനും സെക്രട്ടറിക്കും ഓംബുഡ്സ്മാൻ നോട്ടീസ്
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ ആരോഗ്യവിഭാഗത്തിലേക്ക് താൽക്കാലിക നിയമനത്തിന് പാർട്ടിപ്പട്ടിക ചോദിച്ച് സി.പി.എം ജില്ല സെക്രട്ടറിക്ക് കത്തയച്ച സംഭവത്തിൽ, മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചു.
നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയച്ചതിലൂടെ മേയർ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് നടപടി. നോട്ടീസിന് ഈ മാസം 20ന് മുമ്പ് രേഖാമൂലം മറുപടി നൽകണമെന്ന് മേയർക്കും കോർപറേഷൻ സെക്രട്ടറിക്കും അയച്ച നോട്ടീസിൽ പറയുന്നു. ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകാനും ഇരുവരോടും നിർദേശിച്ചു.
അതേസമയം നിയമനക്കത്ത് വിവാദം ചർച്ച ചെയ്യാൻ ഈ മാസം 19ന് പ്രത്യേക കൗൺസിൽ ചേരാൻ ഭരണസമിതി തീരുമാനിച്ചു. 22ന് കൗൺസിൽ വിളിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരുപടി മുമ്പേ എറിയാനായിരുന്നു സി.പി.എം ജില്ല നേതൃത്വത്തിന്‍റെ നിർദേശം . ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകീട്ട് നാലിന് പ്രത്യേക കൗൺസിൽ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചത്.
കത്തിന്മേൽ ബി.ജെ.പിയും യു.ഡി.എഫും ശക്തമായ പ്രതിഷേധമുയർത്തുമെങ്കിലും ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണത്തിൽ വിശ്വാസ്യതയർപ്പിച്ച് പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്‍റെ തന്ത്രം. മേയറെ സംരക്ഷിക്കാനും രാഷ്ട്രീയ പ്രതിരോധം തീർക്കാനുമാണ് സി.പി.എം നീക്കം.
അതിനിടെ, എസ്.എ.ടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കുടുംബശ്രീക്കാരെ ആവശ്യപ്പെട്ട് കത്ത് തയാറാക്കിയ ഡി.ആർ. അനിലിന്‍റെ സഹോദരനും മെഡിക്കൽ കോളജിൽ അനധികൃതമായി ജോലി ലഭിച്ചെന്ന വിവരം പുറത്തുവന്നു. കുടുംബശ്രീ വഴിയുള്ള നിയമനത്തിന്‍റെ മറവിലാണ് അനിലിന്‍റെ സഹോദരൻ രാംരാജിനെ ലിഫ്റ്റ് ഓപറേറ്ററായി നിയമിച്ചത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആശുപത്രിക്കുള്ളിൽ ബഹളമുണ്ടാക്കിയതടക്കമുള്ള അച്ചടക്ക ലംഘനത്തെക്കുറിച്ചുള്ള പരാതികൾ പതിവായപ്പോൾ രാംരാജിനെ ആദ്യം ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, പിന്നീട് അനിൽ ഇടപെട്ട് ലിഫ്റ്റ് ഓപറേറ്ററായി ഇയാളെ തിരിച്ചെടുക്കുകയായിരുന്നെന്നാണ് ആരോപണം. മെഡിക്കല്‍ കോളജിലെ ആശുപത്രി വികസന സമിതിയില്‍ ആരോഗ്യമന്ത്രിയുടെ പ്രതിനിധിയാണ് അനില്‍. ഇതിനു പുറമെ, കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ക്രാഫ്റ്റ് ടീച്ചര്‍ തസ്തികയിലെയും വഴുതക്കാട് ബധിര- മൂക വിദ്യാലയത്തിലെ കെയര്‍ ടേക്കര്‍ തസ്തികയിലെയും നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി ചട്ടങ്ങള്‍ മറികടന്നുള്ളതാണെന്ന ആരോപണവും പ്രതിപക്ഷമുയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.