ഓംബുഡ്സ്മാൻ തസ്തികയിൽ ആളില്ല; ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ തസ്തികയിൽ ആളില്ലാതെ ആറു മാസമാകുന്നു. കഴിഞ്ഞ മാർച്ചിൽ കാലാവധി കഴിഞ്ഞതിനാൽ ജസ്റ്റിസ് ഗോപിനാഥ് പദവി ഒഴിഞ്ഞതിനുശേഷം പുതിയ നിയമനം സർക്കാർ നടത്തിയിട്ടില്ല. നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരിഗണനക്കു കാത്തുകിടക്കുകയാണെന്നാണ് ഓംബുഡ്സ്മാൻ ഓഫിസിൽനിന്നും അറിയുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഴിമതി, അധികാര ദുര്‍വിനിയോഗം, ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചുള്ള പരാതിയിൽ അന്വേഷണം നടത്തി തീര്‍പ്പ് കൽപിക്കലാണ് ഓംബുഡ്സ്മാന്റെ ചുമതല. അഴിമതിയുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകളും പഴയ ഫയലുകളും ഉൾപ്പെടെ നൂറുകണക്കിന് പരാതികൾ നടപടി ഇല്ലാതെ കെട്ടിക്കിടക്കുകയാണ്. അനന്തമായി പരാതി തീർപ്പുകൽപിക്കാതെ നീളുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഏറെ സഹായകമാവുകയാണ്. അഴിമതി തുടച്ചുനീക്കുമെന്ന് പറയുന്ന സർക്കാർ, ഉദ്യോഗസ്ഥ അഴിമതിക്കെതിരെയുള്ള ഓംബുഡ്സ്മാനെ നിയമിക്കാത്തത് ഏറെ വിമർശനം ഉയർത്തുകയാണ്.
തിരുവനന്തപുരത്താണ് ആസ്ഥാനമെങ്കിലും സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസുകള്‍ കേള്‍ക്കാനും സ്വമേധയാ കേസെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. 2000ല്‍ ഹൈകോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറുപേർ അംഗങ്ങളുമായി ഓംബുഡ്സ്മാന് സ്ഥാപിതമായെങ്കിലും നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.