ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
text_fieldsതിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുചടങ്ങുകളിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണുള്ളത്. ഇനിയും രോഗികൾ വർധിച്ചേക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കും.
വിമാനത്താവളങ്ങളിലുൾപ്പെടെ പരിശോധന കർക്കശമാക്കണം. ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ടായി. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് തീരുമാനം.
രാത്രി നിയന്ത്രണം തൽക്കാലം തുടരില്ല. പുതുവത്സരാഘോങ്ങളുമായി ബന്ധപ്പെട്ട് നാലുദിവസം ഏർപ്പെടുത്തിയ രാത്രി നിയന്ത്രണങ്ങൾ ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ.
തീരുമാനങ്ങൾ:
- വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75ഉം തുറസ്സായ സ്ഥലങ്ങളിൽ 150ഉം പേർക്ക് പരിമിതപ്പെടുത്തി.
- എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തും
- ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സ പ്രോട്ടോകോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും
- ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കൈയിൽ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.
- കുട്ടികൾക്ക് വാക്സിൻ നൽകുന്ന നടപടി ത്വരിതപ്പെടുത്തും. 15.43 ലക്ഷം കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കാൻ അർഹത. ഇതിൽ രണ്ട് ശതമാനം പേർക്ക് വാക്‌സിൻ നൽകി.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75ഉം തുറസ്സായ സ്ഥലങ്ങളിൽ 150ഉം പേർക്കായി പരിമിതപ്പെടുത്തി. നേരത്തെ ഇത് 100, 200 എന്ന നിലയിലായിരുന്നു.
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവിൽ 139 പേരാണ് ഒമിക്രോൺ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.