ഒാഡിറ്റ് റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി പരാതി നൽകും
text_fields
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിനെ സംബന്ധിച്ച സി ആൻഡ് എ.ജി റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരാതി നല്‍കും. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം രണ്ടുദിവസത്തിനകം അക്കൗണ്ട് ജനറലിന് പരാതി നൽകാനാണ് നീക്കം.
സംസ്ഥാന അക്കൗണ്ട് ജനറൽ ഓഫിസിൽ റിപ്പോര്‍ട്ട് തയാറാക്കിയതിനിടെ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണ്. ഒരിക്കലും സത്യാവസ്ഥ പരിശോധിക്കാന്‍ ബന്ധെപ്പട്ടവർ തയാറായിട്ടില്ല. ഓഡിറ്റിങ്ങിെൻറ വിവിധ ഘട്ടങ്ങളില്‍ വിശദമായ മറുപടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പ്രിന്‍സിപ്പല്‍ എ.ജി പരിഗണിച്ചില്ല.
കൂടിക്കാഴ്ചക്കായി ക്ഷണിച്ചതനുസരിച്ച് സംസ്ഥാന തുറമുഖ സെക്രട്ടറി ഓഫിസില്‍ എത്തിയെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ എ.ജി തയാറായില്ല. മറ്റ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും അന്നത്തെ യോഗം സമ്പൂര്ണമായില്ല. യോഗം തുടരണമെന്ന തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആവശ്യം മിനിറ്റ്സിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് സമയംപോലും അനുവദിച്ചില്ല.വിരമിച്ച സീനിയര്‍ ഓഡിറ്റ് ഓഫിസറായ ആർ. തുളസീധരന്‍പിള്ളയെ ഓഡിറ്റ് ടീമിനെ സഹായിക്കാൻ ബാഹ്യ കണ്സൽട്ടൻറായി നിയോഗിച്ചിരുന്നു. ഒരു പ്രസിദ്ധീകരണത്തിൽ 2015ലും 16ലും അദ്ദേഹം രണ്ടു ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ അതേപടി ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ പക്ഷപാതപരമായ വീക്ഷണങ്ങള്‍ ഓഡിറ്റ് ടീമിനെ സ്വാധീനിച്ചിരിക്കാം. ഓഡിറ്റ് ടീമില്‍ അദ്ദേഹത്തിെൻറ സാന്നിധ്യം നിഷ്പക്ഷ ഓഡിറ്റിങ്ങിന് തടസ്സമായിട്ടുണ്ടാകാമെന്ന ആരോപണവും ഉമ്മന്‍ ചാണ്ടി ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.