ജനത്തിനായി ഉറങ്ങാതിരുന്നയാൾക്കായി ഉണർന്നിരുന്ന് തലസ്ഥാനം
text_fieldsതിരുവനന്തപുരം: രാത്രി ഇടക്കിടെ മഴ പെയ്തു, കുട നിവർത്താൻ പോലും തയാറാവാതെ ജനം റോഡിൽ വരിനിന്നു. എല്ലാ മുഖങ്ങളിലും കദനഭാരം. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ അവസാന രാത്രി വികാരനിർഭര രംഗങ്ങളാണ് അരങ്ങേറിയത്. ദർബാർ ഹാളിലും സെന്റ് ജോർജ് പള്ളിയിലും കെ.പി.സി.സി ആസ്ഥാനത്തും മിഴിനീർപ്പുക്കളർപ്പിക്കാൻ ജനസാഗരമെത്തി.
ആൾക്കൂട്ടത്തിനുനടുവിൽ കഴിയാനാഗ്രഹിച്ച ജനനേതാവ് ചേതനയറ്റ് കിടക്കുമ്പോൾ മഴത്തണുപ്പിലും ജനം പ്രാർഥനകളുമായി ഉണന്നിരുന്നു. അവരിൽ പ്രായമായവരും കുട്ടികളെ ഒക്കത്തേന്തിയ അമ്മമാരും വയോധികരുമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ദർബാർ ഹാളിന്‍റെ വാതിലുകളിൽ രണ്ടെണ്ണം മാത്രമായി തുറന്നുവെക്കേണ്ടി വന്നു. അകത്തേക്ക് കയറിയവർ പുറത്തിറങ്ങാൻ കൂട്ടാക്കാതെ തങ്ങളുടെ കുഞ്ഞൂഞ്ഞിനെ നോക്കിനിന്നു. പുറത്തുനിന്നവർക്ക് തള്ളിക്കയറാതെ അകത്തെത്താൻ നിവൃത്തിയില്ലെന്നായി. കാര്യങ്ങൾ കൈവിട്ടതോടെയാണ് രണ്ടെണ്ണമൊഴികെ മറ്റെല്ലാ വാതിലുകളുമടക്കാൻ തീരുമാനിച്ചത്. പിന്നീട് സെന്റ് ജോർജ് പള്ളിയിലും ആൾക്കൂട്ടമെത്തി.
കെ.പി.സി.സി ആസ്ഥാനത്തും ജനക്കൂട്ടത്തിന് കുറവില്ലായിരുന്നു. ഭൗതികദേഹം പുലർച്ച ഒന്നോടെ തിരികെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു. ജനക്കൂട്ടം അവിടേക്കും അനുഗമിച്ചു.
സ്ഥാനങ്ങൾകൊണ്ട് അളക്കാൻ കഴിയാത്ത ഉയർന്ന വ്യക്തിത്വം -മന്ത്രിസഭ
തിരുവനന്തപുരം: വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിലുയർന്ന വ്യക്തിത്വങ്ങളുണ്ടെന്നും അവർക്കിടയിലാണ് ജനനേതാവായ ഉമ്മൻ ചാണ്ടിയുടെ സ്ഥാനമെന്നും മന്ത്രിസഭ യോഗം. കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും സർക്കാറിലും പ്രതിപക്ഷത്തും പ്രവർത്തിച്ച ഉമ്മൻ ചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചെന്നും യോഗം പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ സ്മരിക്കുന്നു. ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നിയ ഭരണാധിപനെന്ന നിലക്കും ജനകീയപ്രശ്നങ്ങൾ സമർഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 53 വർഷം തുടർച്ചയായി എം.എൽ.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവ ഉമ്മൻ ചാണ്ടിയുടെ റെക്കോഡാണ്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.
യു.ഡി.എഫ് കൺവീനറെന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ അഗാധദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുന്നതായും പ്രമേയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.