അന്ത്യാഭിവാദ്യമർപ്പിക്കാൻ ഉറങ്ങാതെ കാത്തിരുന്ന് ജനം; 24 മണിക്കൂർ പിന്നിട്ട് വിലാപ യാത്ര
text_fieldsകോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്രക്ക് ഹൃദയാഭിവാദ്യം അർപ്പിക്കാൻ രാത്രി വൈകിയും വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകൾ. തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട വിലാപ യാത്ര ഇനിയും കോട്ടയം ജില്ലയിലെ തിരുനക്കരയിലെത്തിയിട്ടില്ല. പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെയാണ് വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്കൂറെടുത്താണ് 61 കിലോ മീറ്റർ വിലാപ യാത്ര പിന്നിട്ടത്.തലസ്ഥാനത്ത് വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.
എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.
പുതുപ്പള്ളികവലയിൽ നിർമിക്കുന്ന വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ച 12നാണ് സംസ്കാരശുശ്രൂഷ. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ട് മുതൽ പള്ളിയുടെ വടക്കേപന്തലിൽ പൊതുദർശനത്തിനുവെക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് അന്ത്യശുശ്രൂഷ ചടങ്ങുകൾ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും. എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.
സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.