ഉമ്മൻചാണ്ടിയെ ബ്ലാക്ക്മെയിൽ ചെയ്തത് നിയമ വിദഗ്ധൻ
text_fieldsകോഴിക്കോട്: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബ്ലാക്ക്മെയിൽ ചെയ്തത് ജസ്റ്റിസ് ശിവരാജനെ കമീഷനായി നിർദേശിച്ച നിയമവിദഗ്ധനാണെന്നു സൂചന. ഇദ്ദേഹത്തിെൻറ ശിപാർശ അതേപടി അംഗീകരിച്ചതാണ് ഉമ്മൻ ചാണ്ടിയെ ഇന്നത്തെ ഗതികേടിൽ എത്തിച്ചതെന്ന് കരുതപ്പെടുന്നു. സോളാർ കമീഷൻ റിപ്പോർട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്തതായി ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. അതാരാണെന്ന് പറയാത്ത സ്ഥിതിക്ക് അഭ്യൂഹങ്ങൾ ഏറെ ഉയർന്നു. ആർ ബാലകൃഷ്ണപിള്ളയുടെയും മറ്റും പേര് ചർച്ചകളിൽ വന്നപ്പോൾ അതു രാഷ്ട്രീയക്കാരനല്ലെന്നു ഉമ്മൻ ചാണ്ടി തിരുത്തുകയും ചെയ്തു.
എൽ.ഡി.എഫിെൻറ രാപ്പകൽ സമരത്തെ തുടർന്നു അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണ കമീഷനെ വെക്കാൻ തീരുമാനിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതും. സാധാരണ ഗതിയിൽ ഏതൊരു സർക്കാറും വിരമിച്ച ജഡ്ജിയെ കമീഷനായി നിയമിക്കുമ്പോൾ പൂർണവിശ്വാസമുള്ളവരെയാണ് പരിഗണിക്കുക. ഉമ്മൻ ചാണ്ടിയാകട്ടെ, അത് യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ നിയമവിദഗ്ധനെ ഏൽപിക്കുകയാണ് ചെയ്തത്. ‘പൂർണവിശ്വാസമുള്ള’ ആളെ അദ്ദേഹം കണ്ടെത്തി നൽകുകയായിരുന്നെന്നാണ് എ ക്യാമ്പ് ഇപ്പോൾ പറയുന്നത്. കമീഷെൻറ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നതിലും ഗുരുതര വീഴ്ചകൾ പറ്റിയതായി അവർ ഇപ്പോൾ വിലയിരുത്തുന്നു.
സരിതയുടെ കേസുകൾ ഒത്തുതീർക്കുന്നതിനും മറ്റും ചുമതലപ്പെടുത്തിയ എ ഗ്രൂപ് നേതാക്കളുടെ ഭാഗത്ത് കടുത്ത അലംഭാവം ഉണ്ടായതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കെ. ബാബു, തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവരാണ് സരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്തത്. ജയിലിൽനിന്ന് ഇറങ്ങിയശേഷവും സരിത കോൺഗ്രസ് നേതാക്കളുടെ ആജ്ഞാനുവർത്തി ആയിരുന്നു. ജയിലിൽ വെച്ച് കത്തെഴുതിയ കാര്യം അവർ നിഷേധിക്കുകയും ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്നു പറയുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ പറയുന്നതിന് എൽ.ഡി.എഫ് 10 കോടി വാഗ്ദാനം ചെയ്തെന്നു വരെ സരിതയെക്കൊണ്ടു പറയിപ്പിച്ചു. എന്നാൽ, ഈ സൗഹൃദം നില നിർത്താൻ എ ഗ്രൂപ് നേതാക്കൾക്ക് കഴിഞ്ഞില്ല. അന്വേഷണ കമീഷന് മുന്നിൽ മൊഴി കൊടുക്കുന്നതിനുമുമ്പ് കോൺഗ്രസ് നേതാക്കളുമായി നേരിട്ടും അല്ലാതെയും സരിത പലവട്ടം ബന്ധപ്പെട്ടിരുന്നു. നാൽപതോളം തട്ടിപ്പുകേസുകളിൽ കുറെയെണ്ണം പണം കൊടുത്തു തീർത്തെങ്കിലും പിന്നീട് കേസുകൾ തീർക്കുന്നതിൽ അലംഭാവം ഉണ്ടായി. ബാറുകൾ അടച്ചു പൂട്ടിയതോടെ കാശിനു ക്ഷാമം നേരിട്ടതാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും സരിത കൈവിട്ടു പോയതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ കമീഷെൻറ പരിഗണന വിഷയത്തിൽ കൊണ്ടു വന്നതും ഉമ്മൻ ചാണ്ടി വിദേശത്തായിരുന്നപ്പോൾ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതും വലിയ വീഴ്ചയായി എ ഗ്രൂപ് നേതൃത്വം വിലയിരുത്തുന്നു. ജോപ്പെൻറ അറസ്റ്റോടെയാണ് കാര്യങ്ങൾ പിടിവിട്ടുപോയതെന്നാണ് പൊതുവിൽ ആരോപിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.