ആവേശത്തിരയിളക്കി ഉമ്മൻ ചാണ്ടിയുടെ മെട്രോ യാത്ര
text_fieldsആലുവ: സ്റ്റേഷനുകളിലും ട്രെയിനിലും ആവേശത്തിരയിളക്കി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര. ഒപ്പം യാത്ര ചെയ്യാൻ അണികൾ മത്സരിച്ചതോടെ ഉമ്മൻ ചാണ്ടിക്ക് ആദ്യ ട്രെയിനിൽ കയറാനാവാതെ പ്ലാറ്റ് ഫോമിൽ കാത്തുനിൽക്കേണ്ടിവന്നു. പ്രവര്‍ത്തകരുടെ ആവേശവും തിരക്കും അതിരുവിട്ടതോടെ പാലാരിവട്ടം സ്റ്റേഷനിൽ അദ്ദേഹം വീഴുകയും ചെയ്തു.
മെട്രോ ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് നേതാക്കളെ അവഗണിച്ചതിനെതിരെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ മെട്രോ യാത്ര അണികൾ ആഘോഷവും പ്രതിഷേധ പ്രകടനവുമാക്കുകയായിരുന്നു. സ്റ്റേഷനുകളിലും െട്രയിനിലും ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ മുഴങ്ങി. ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് ചൊവ്വാഴ്ച മൂന്നരയോടെയായിരുന്നു യാത്ര.
ആദ്യം വന്ന ട്രെയിനിൽ അണികൾ തള്ളിക്കയറിയതോടെ ഉമ്മൻ ചാണ്ടി ഒൗട്ട്. അദ്ദേഹത്തെ പ്ലാറ്റ്ഫോമിൽ നിർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ആ ട്രെയിനിൽ യാത്ര ചെയ്തു. രണ്ടാമത്തെ ട്രെയിനിനെയും പ്രവർത്തകർ പൊതിഞ്ഞു. രണ്ടുതവണ കയറി ഇറങ്ങിയ ശേഷമാണ് അദ്ദേഹം യാത്ര തുടരാൻ തീരുമാനിച്ചത്. തിരക്ക് നിയന്ത്രിക്കാൻ അണികളെ ആദ്യം വന്ന ട്രെയിനുകളിൽ കയറ്റിവിടാൻ നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ, ചാനൽ കാമറകൾക്ക് മുന്നിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകർ മത്സരിച്ചു. മറ്റ് മാർഗങ്ങളില്ലെന്നായതോടെ തിരക്ക് വകവെക്കാതെ ഉമ്മൻ ചാണ്ടി വീർപ്പുമുട്ടി യാത്ര ചെയ്യുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.എല്‍.എമാരായ അന്‍വര്‍സാദത്ത്, ഹൈബി ഈഡന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്റ്റേഷന് പുറത്ത് വാദ്യമേളങ്ങളോടെ ആവേശകരമായ സ്വീകരണമാണ് ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും ഒരുക്കിയത്. ഉമ്മന്‍ ചാണ്ടിക്ക് മുറിക്കുന്നതിന് ചലിക്കുന്ന മെട്രോ ട്രെയിനിെൻറ ആകൃതിയിൽ കേക്ക് തയാറാക്കിയിരുന്നെങ്കിലും തിരക്കിൽ അത് നടന്നില്ല. പാലാരിവട്ടത്ത് ആദ്യമെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയുടെ വരവിന് പ്ലാറ്റ്ഫോമിലും സ്റ്റേഷനിലുമായി കാത്തിരുന്നു. നേതാവ് എത്തിയതോടെ സ്റ്റേഷന് നിറഞ്ഞുകവിഞ്ഞു. സ്റ്റേഷനിലെ വലിയ പടിക്കെട്ടുകളില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മൻ ചാണ്ടിയും നേതാക്കളും പുറത്തെത്തിയത്. പടിക്കെട്ട് ഇറങ്ങുന്നതിനിടെ മുന്നോട്ട് വീണുപോയ ഉമ്മൻ ചാണ്ടിയെ പ്രവര്‍ത്തകര്‍ താങ്ങിനിർത്തി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയും മറ്റ് നേതാക്കളും സമ്മേളന സ്ഥലത്തേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.