രാഷ്ട്രീയസമ്മർദം അതിശക്തം; ഉത്തരവ് വിഴുങ്ങി അച്ചടിവകുപ്പ് ഡയറക്ടർ
text_fieldsതിരുവനന്തപുരം: ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട് അതിരഹസ്യസ്വഭാവമുള്ള ഫയലുകൾ സർക്കാർ പ്രസിൽ നിന്ന് നഷ്ടപ്പെട്ടതോടെ സംഭവം ഒതുക്കിത്തീർക്കാൻ രാഷ്ട്രീയസമ്മർദം ശക്തമായി.
ഫയലുകൾ കമ്പ്യൂട്ടറിൽനിന്നും ലാപ്ടോപ്പിൽനിന്നും നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ ജീവനക്കാരനെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച അച്ചടിവകുപ്പ് ഡയറക്ടറെക്കൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ബുധനാഴ്ച നിഷേധക്കുറിപ്പ് ഇറക്കിച്ചു.
സംഭവത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന പ്രതിപക്ഷനേതാവിെൻറ പ്രസ്താവനക്ക് പിന്നാലെയാണ് മാധ്യമത്തിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അച്ചടിവകുപ്പ് ഡയറക്ടർ എസ്. ജയിംസ് രാജ് പത്രക്കുറിപ്പ് ഇറക്കിയത്.
ആഗസ്റ്റ് ഏഴിനാണ് ഷൊർണൂർ സർക്കാർ പ്രസിലെ ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിയെ ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട 'വിലപ്പെട്ട ഫയലുകൾ' നശിപ്പിച്ചതിന് ജയിംസ് രാജ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ തന്നെ ഫയലുകൾ തിരിച്ചെടുക്കാനാകാത്തവിധം നശിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്.
ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായി കരാറില്ലെന്നും നിലവിലെ ധാരണപ്രകാരം സെപ്റ്റംബർ പകുതിയോടെ മാത്രമേ നടപടിക്രമം പൂർത്തിയാക്കി കരാറിൽ ഏർപ്പെട്ട് അച്ചടി ജോലി തുടങ്ങുകയുള്ളൂവെന്നും ഡയറക്ടറുടെ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണ് പി.എസ്.സി രേഖകളിൽനിന്ന് വ്യക്തമാണ്.
ജൂൺ 30ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് 27 ലക്ഷം ഒ.എം.ആർ ഷീറ്റുകൾ സർക്കാർ പ്രസിൽ നിന്ന് അച്ചടിച്ച് വാങ്ങാൻ അംഗീകാരം നൽകിയത്.
ജൂലൈ രണ്ടിന് പി.എസ്.സി അഡീഷനൽ സെക്രട്ടറി (ആർ ആൻഡ് എ) ഒ.എം.ആർ ഷീറ്റ് പ്രിൻറ് ചെയ്യുന്നതിന് ഗുണനിലവാരം ഉള്ള പേപ്പർ വാങ്ങുന്നതിന് അച്ചടിവകുപ്പിന് 2020-21 സാമ്പത്തിക വർഷം 19 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിരുന്നു (ഉത്തരവ് നമ്പർ: ഇ.എസ്-1/1/2019/കെ.പി.എസ്.സി). അച്ചടി ജോലി ആരംഭിച്ചില്ലെന്ന് പറയുന്ന ഡയറക്ടർതന്നെ എ, ബി, സി, ഡി സീരീസിലുള്ള 100 സാമ്പിൾ ഷീറ്റ് പി.എസ്.സിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നതായി കമീഷൻ അംഗങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒ.എം.ആർ ഷീറ്റിെൻറ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ നഷ്ടപ്പെട്ടത് പി.എസ്.സിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കമീഷൻ യോഗം വിഷയം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.