ഒ.എം.ആർ ഷീറ്റ്: സർക്കാർ പ്രസിലെ അച്ചടി ആഗസ്റ്റ് മുതൽ
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന് ആവശ്യമായ ഒ.എം.ആർ ഷീറ്റുകൾ ആഗസ്റ്റ് മുതൽ സർക്കാർ പ്രസുകളിൽ അച്ചടിക്കും. ആദ്യഘട്ടം മൂന്നുലക്ഷം ഷീറ്റാണ് നൽകുക. ആറുമാസത്തിനകം ആവശ്യപ്പെട്ട 27 ലക്ഷം ഷീറ്റും പ്രിൻറ് ചെയ്ത് നൽകാമെന്നാണ് അച്ചടിവകുപ്പിെൻറ ഉറപ്പ്. മുന്നോടിയായി എ,ബി,സി,ഡി സീരീസിലുള്ള ഒ.എം.ആർ ഷീറ്റുകളുടെ 100 വീതം സാമ്പിൾ ഈ ആഴ്ചതന്നെ പി.എസ്.സിക്ക് കൈമാറും.
കോപ്പികൾ പരിശോധിച്ച് കമീഷൻ നൽകുന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലായിരിക്കും പ്രിൻറിങ്. മേൽനോട്ടത്തിന് ഗവ. പ്രസ് സൂപ്രണ്ട് എ. സലീം അധ്യക്ഷനായി അഞ്ചംഗസമിതിയെ നിയോഗിച്ചു. ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങുന്ന ഷീറ്റുകളുടെ ഗുണനിലവാരം മോശമായതിനെ തുടർന്നാണ് സർക്കാർ പ്രസിൽ അച്ചടിക്കാൻ പി.എസ്.സി തീരുമാനിച്ചത്.
ഷീറ്റുകളുടെ മോശം നിലവാരത്തെ തുടർന്ന് കെ.എ.എസിൽ മാത്രം 17,000ത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ കഴിയാതെ മെഷീൻ പുറംതള്ളിയത് വിവാദമായിരുന്നു. ഈ ഉത്തരക്കടലാസുകൾ ജീവനക്കാരെക്കൊണ്ട് മൂല്യനിർണയം നടത്തിവരികയാണ്.
നൂറ് ജി.എസ്.എം കടലാസിൽ തിരുവനന്തപുരത്തെ സെൻട്രൽ പ്രസിലും മണ്ണന്തലയിലെ പ്രസിലുമായാണ് ആദ്യഘട്ട അച്ചടി. സുരക്ഷ മുൻനിർത്തി ഡിസംബർ മുതൽ അച്ചടി സെൻട്രൽ പ്രസിൽ ഏകീകരിക്കും. ഇതിന് കിഫ്ബി വഴി ആറുകോടിയുടെ ഫൈവ് കളർ ഷീറ്റ് ഫെഡ് ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ വാങ്ങും. ഇതിൽ മണിക്കൂറിൽ 35,000 കോപ്പി അച്ചടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.