ഇനിയെന്നും പൊന്നോണം...
text_fieldsഅതങ്ങനെയാണ്, കാലത്തിെൻറ ചില പിശുക്കുകൾ പറഞ്ഞറിയിക്കാൻ കഴിയില്ല. ചില സന്തോഷങ്ങൾ പിടിച്ചുവെക്കും. ദുഃഖവും കണ്ണീരും വീണ വഴിയിലൂടെ ഏറെ നടത്തിക്കും. ഇനിയൊരിക്കലും... എന്നു ചിന്തിക്കുമ്പോഴാവും ജീവിതം മുഴുവൻ പൊന്നോണം പരക്കുക. അത്തരമൊരു പൊന്നോണം കാണണമെങ്കിൽ കണ്ണൂരിലെ കണ്ണപുരമെന്ന ഗ്രാമത്തിലെ ‘മരുതം’ വീട്ടിലെത്തണം. ഇവിടെയാരാണുള്ളതെന്നല്ലേ. മലയാളത്തിെൻറ സ്വന്തം എം.എൻ. വിജയൻ മാസ്റ്ററുടെ മകൻ വി.എസ്. അനിൽകുമാറും ഭാര്യ രത്നമ്മയും. ഇപ്പോൾ ഈ വീട് അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. അറുപതിലെത്തിനിൽക്കെ മൂന്നു പതിറ്റാണ്ടിെൻറ കാത്തിരിപ്പിനൊടുവിൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വന്തമാക്കിയതിെൻറ നിർവൃതിയിലാണ് ഇൗ കുടുംബം. സുകൃതി, പ്രകൃതി എന്നു പേരിട്ട കുരുന്നുകളാണ് സന്തോഷത്തിെൻറ വിളക്ക് തെളിച്ചത്.
എല്ലാം രഹസ്യമായിരുന്നു
‘മരുതം’ വീടിപ്പോൾ സജീവമാണ്. സുകൃതിയും പ്രകൃതിയും നിറഞ്ഞുനിൽക്കുകയാണ്. ആരെങ്കിലും ഒരാൾ ചിണുങ്ങിക്കൊണ്ടേയിരിക്കും. ഇതിനിടയിൽ രത്നമ്മ ഓടിനടക്കും. വിജയൻ മാസ്റ്ററെ ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ളിൽ ഒളിപ്പിച്ചുവെച്ച ചിരിയോടെ അനിൽകുമാറുമുണ്ട്. ഈ കുരുന്നുകൾ ജീവിതം ആകെ മാറ്റിമറിച്ചെന്ന് ഈ വീട് പറയുന്നതുപോലെ. ഓർമകളുടെ ചുമർച്ചിത്രങ്ങൾ നിറഞ്ഞ സ്വീകരണമുറിയിലിരുന്ന് അനിൽകുമാർ പറഞ്ഞു:
‘‘വലിയ സങ്കടമായിരുന്നു. ഏറെ ചികിത്സ നടത്തി. ഒന്നിലും ഫലംകണ്ടില്ല. പിന്നെ ബന്ധുക്കളായ ഡോ. അനിലും ഡോ. ആശ അനിലുമാണ് വാടക ഗർഭപാത്രം എന്ന ചിന്തയിലേക്ക് നയിച്ചത്. പിന്നെ, ആരോടും പറഞ്ഞില്ല. അമ്മയെ അറിയിച്ചതുപോലും വൈകിയാണ്... ചെെന്നെയിലുള്ള സമയത്തൊക്കെ കുട്ടികളില്ലാത്തതിെൻറ പ്രയാസം ഏറെ അനുഭവിച്ചിട്ടുണ്ട്. ചില കഥകളിലും മറ്റും ആ ദുഃഖം കയറിവന്നു... 1986ലായിരുന്നു വിവാഹം.
അധികം താമസിയാതെ ഗർഭം ധരിച്ചെങ്കിലും നഷ്ടമായി. തൊട്ടടുത്തത് ട്യൂബുലർ പ്രഗ്നൻസിയായി. ട്യൂബ് മുറിച്ചുനീക്കി. അതോടെ, ഗർഭധാരണത്തിനുള്ള സാധ്യത മങ്ങി. പിന്നെ, കുട്ടിയെ ദത്തെടുത്താലോ എന്നായി ചിന്ത. പിന്നീട്, വേണ്ടെന്നുവെച്ചു. എപ്പോഴോ മനസ്സിൽ പുതിയ ചിന്ത വന്നു. കാലമെത്ര വൈകിയാലും ഞങ്ങൾക്ക് കുട്ടികളുണ്ടാകും, തീർച്ച. വാടക ഗർഭപാത്രത്തെക്കുറിച്ച് നേരത്തേ കേട്ടെങ്കിലും നമ്മുടെ ജീവിതത്തോട് ചേർത്തുവെച്ചിരുന്നില്ല. എടപ്പാളിലെ സൈമർ ആശുപത്രിയിലെ ഡോ. ഗോപിനാഥിെൻറ അടുത്തെത്തിച്ചത് ഡോ. അനിലും ആശയുമാണ്. അവർക്കാണ് തുടക്കംമുതലേ എല്ലാം അറിയുമായിരുന്നത്. ആദ്യഘട്ടത്തിൽ 30 വയസ്സിന് താഴെയുള്ള സ്ത്രീയെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ എല്ലാം അടുത്തുവന്നു. 27 വയസ്സുള്ള പെൺകുട്ടി. അവളുടെ വിവാഹം 16ാം വയസ്സിൽ കഴിഞ്ഞു. മൂത്തകുട്ടിക്ക് 10 വയസ്സായി. ഇളയകുട്ടി ചെറുതാണ്. കുടുംബത്തിെൻറ സാമ്പത്തികപ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് അവർ ഈ വഴി തിരഞ്ഞെടുത്തത്.
സുകൃതിയും പ്രകൃതിയും
സുകൃതി ആൺകുട്ടിയാണ്. ആ പേര് ബന്ധുക്കളിലൊക്കെ ചർച്ചയാണിപ്പോൾ. കുട്ടികൾ സുകൃത് എന്നാക്കണം എന്നൊക്കെയാ പറയുന്നത്. നല്ല കൃതിയെന്നാണ് അർഥം. അവർക്ക് മതങ്ങളൊന്നും ചേർത്തില്ല. എല്ലാം തിരിച്ചറിയാൻ കഴിയുന്ന കാലത്ത് അവരുടെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നാണ് അനിൽ കുമാറിെൻറ നിലപാട്. ജൂലൈ 19ന് ഉച്ചക്ക് 12.06ന് ഇരട്ടക്കുട്ടികളിൽ ആദ്യത്തെയാൾ പിറന്നു. 12.07ന് രണ്ടാമത്തെയാളും. ഒരു മിനിറ്റ് മുെമ്പത്തിയ സുകൃതിയാണ് ഏട്ടൻ. പേരിട്ടത് രത്നമ്മയാണ്. പേരിനൊപ്പം ‘അമ്മ’ പണ്ടേയുണ്ടെങ്കിലും ഇപ്പോഴാണ് അതറിയുന്നത്. അമ്മയെന്നതിെൻറ വലിയ അർഥം അനുഭവിക്കുന്നത്. റിട്ടയറായത് ഏറെ സൗകര്യമായെന്ന് ഇരുവരും പറയുന്നു. കുട്ടികളുള്ളവർ ജോലിക്ക് പോകുന്നതിെൻറ പ്രയാസം ഇപ്പോഴാണറിയുന്നതെന്ന് രത്നമ്മ പറഞ്ഞു. സുകൃതിയും പ്രകൃതിയും ഭാഗ്യവാന്മാരാണ്. എപ്പോഴും തൊട്ടരികിൽ അച്ഛനും അമ്മയും കാണും.
അമ്മയുടെ മനസ്സ് നിറഞ്ഞു, പേക്ഷ...
ഇത്രപെട്ടെന്ന് അമ്മ ഞങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ല. തീർത്തും അപ്രതീക്ഷിതമായിപ്പോയി. മരിക്കുന്നതിെൻറ തലേന്നാണ് അമ്മ ആശുപത്രിയിലെത്തിയത്. ഇരുവരെയും മടിയിലിരുത്തി, ഉമ്മ കൊടുത്തു. കൗതുകത്തോടെ നോക്കിനിന്നു. ഒരു പ്രശ്നവും തോന്നിയില്ല. എല്ലാവരോടും കുശലം പറഞ്ഞു... പെങ്ങളുടെ അടുത്താണുണ്ടായിരുന്നത്. കുട്ടികൾക്ക് പാലുകിട്ടില്ലല്ലോ എന്ന ദുഃഖമുണ്ടായിരുന്നു അമ്മയുടെ മനസ്സിൽ. എനിക്ക് കുട്ടികളുണ്ടായി കാണുക എന്നത് അച്ഛെൻറയും അമ്മയുടെയും വലിയ സ്വപ്നമായിരുന്നു. തമിഴ്നാട്ടിൽ എെൻറ ഉറ്റ കൂട്ടുകാരനുണ്ട് ബാലു സ്വാമി. ബാലു വിളിച്ചുപറഞ്ഞു. തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിൽ ചില വിശ്വാസങ്ങളുണ്ടെത്ര. കുടുംബത്തിൽ കുട്ടികൾ പിറക്കുമ്പോൾ, മുതിർന്നവർ വഴിമാറുമെന്ന്...ഒക്കെ, വെറും വിശ്വാസമാകും.
അച്ഛൻ മരിച്ചതിൽപിന്നെ 10 വർഷമായി ഓണമില്ലെന്ന് പറയാം. ഇത്തവണ അമ്മയും ഇല്ല. പിന്നെ, കുട്ടികൾ അവരെല്ലാം തിരിച്ചറിയുന്ന കാലത്താവാം. 2014ൽ കണ്ണൂർ സർവകലാശാല സ്റ്റുഡൻറ് ഡീനായാണ് വി.എസ്. അനിൽകുമാർ വിരമിച്ചത്. 2015ൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ മലയാള വിഭാഗം മേധാവിയായാണ് രത്നമ്മ വിരമിച്ചത്. മരുതം വീട്ടിൽനിന്നിറങ്ങുമ്പോൾ ആരോ പറയുന്നതുപോലെ.. ഈ വീട്ടിൽ ഇനിയെന്നും പൊന്നോണമാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.