കൊട്ടിക്കയറാൻ കുട്ടിക്കൂട്ടം
text_fieldsപട്ടാമ്പി: കൂട്ടുകൂടി കളിക്കുമ്പോൾ തമാശക്ക് വേണ്ടിയാണ് കുട്ടിക്കൂട്ടം തകരപ്പാട്ടയിലും പ്ലാസ്റ്റിക് കാനുകളിലും തായമ്പക കൊട്ടിയത്. എടപ്പലം പൂക്കോട്ടുകുളമ്പിലെ മുള്ളത്ത് മഠത്തിന്റെ പടിപ്പുരയിൽ നിന്നുയർന്ന കൊട്ട് വീട്ടുടമ മൂർത്തി നാരായണൻ കേട്ടതോടെ കളി കാര്യമായി. ആരും ആട്ടിയോടിക്കുന്ന വികൃതി, പക്ഷേ നാരായണൻ ആസ്വദിക്കുകയായിരുന്നു. ഇത് പത്തംഗസംഘത്തിന് ആവേശമായി. കഴിഞ്ഞവർഷം തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറമേളം പൊടിപൊടിക്കുമ്പോൾ മുള്ളത്ത് മഠത്തിന്റെ പടിപ്പുരയിൽ കൗമാരക്കാർ തകരപ്പാട്ടയും പ്ലാസ്റ്റിക് കാനുകളും മണ്ണുനിറച്ച പ്ലാസ്റ്റിക് കുപ്പികളും വാദ്യോപകരണങ്ങളാക്കി തീർത്ത മേളം ഒരു മ്യൂസിക് ബാൻഡിന്റെ പിറവിയിലാണെത്തിയത്. മൂർത്തി നാരായണൻ പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ കുട്ടിപ്പൂരം അനേകമാളുകൾ പങ്കുവെച്ചു. തുടർന്ന് നേരിട്ടും അല്ലാതെയും അഭിനന്ദനപ്രവാഹം.
വലുപ്പച്ചെറുപ്പമില്ലാതെ സൗഹൃദം സ്ഥാപിക്കുന്ന മൂർത്തി നാരായണൻ കുട്ടിക്കൂട്ടത്തിന് കൊട്ടാൻ ബാൻഡുകൾ വാടകക്കെടുത്തു നൽകി. പ്രഫഷനലുകളെപ്പോലെ താളാത്മകമായി മേളം തീർത്ത് കൗമാരക്കൂട്ടം കാഴ്ചക്കാരെ അൽഭുതപ്പെടുത്തി.
ഇതോടെ സമീപപ്രദേശങ്ങളിൽ ചെറിയ ആഘോഷങ്ങൾ കൊഴുപ്പിക്കുന്നതിൽ കുട്ടിക്കൊട്ടുകാർ ക്ഷണിക്കപ്പെട്ടു. ഒരുവർഷമായി പഠനത്തോടൊപ്പം കൊട്ടും കൊണ്ടുനടക്കുകയാണ് എൻ.ആർ.ടിയുടെ ജീവാത്മാക്കൾ.
അമ്പാടിക്കുന്ന് ജനനന്മ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയുടെ വിജയം ആഘോഷിച്ചതും വിളയൂരിൽ ബഡ്സ് സ്കൂൾ ഉദ്ഘാടനച്ചടങ്ങു നടത്തിയതും എൻ.ആർ.ടി മ്യൂസിക് ബാൻഡിന്റെ താളവാദ്യത്തോടെയായിരുന്നു.
സ്കൂളുകളിലും ക്ലബുകളിലും ഇപ്പോൾ ഓണാഘോഷത്തിലുമായി കൗമാരസംഘത്തിന് തിരക്കേറുകയാണ്. സ്വന്തമായി ഉപകരണങ്ങളില്ലാത്തതാണ് സംഘത്തിനെ കുഴക്കുന്നത്.
തിരുവേഗപ്പുറയിൽ നിന്ന് വാടകക്കെടുത്താണ് പരിപാടിക്ക് പോയിക്കൊണ്ടിരിക്കുന്നത്. വലിയ ബാൻഡിന് 350 രൂപയും ചെറുതിന് 250 രൂപയുമാണ് വാടക. കിട്ടുന്ന പ്രതിഫലത്തിൽനിന്ന് വാടക കൊടുത്തു കഴിഞ്ഞാൽ അവശേഷിക്കുന്നത് നാമമാത്രമാണ്. എങ്കിലും ആവേശം വിടാതെ കൊട്ടിക്കയറുകയാണ് കളിക്കൂട്ടുകാർ. തങ്ങളിലെ കഴിവ് കണ്ടെത്തി പ്രോത്സാഹനം ചൊരിഞ്ഞ മൂർത്തി നാരായണൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ സ്വന്തമായി വാദ്യോപകരണങ്ങളുള്ള സംഘമാകാൻ കഴിഞ്ഞേനെ എന്ന് സംഘം നെടുവീർപ്പിടുന്നു. നാട്ടുകാരി നടി അനുമോളിൽ നിന്നുൾപ്പെടെ ഒറ്റപ്പെട്ട സാമ്പത്തിക സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സ്വന്തമായി വാദ്യോപകരണങ്ങളുള്ള മ്യൂസിക് ബാൻഡ് ആണ് സ്വപ്നം. നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ ഒമ്പതും പത്തും ക്ലാസുകാരായ പി. ആദർശ്, പി.പി. ആദിത്യൻ, എൻ.പി. അഭിനന്ദ്, കെ. ആദിത്യൻ, പി.പി. സിദ്ധാർഥ് (നടുവട്ടം), സി. അശ്വിൻ, എ.കെ. ജിനു (അമ്പാടിക്കുന്ന്), വി. അഭിനവ്, ഒ.പി. അഭിജിത്ത് ( തിരുവേഗപ്പുറ), എ.പി. അശ്വിൻ രാം (വിളത്തൂർ), കെ. അനന്തു (ഒന്നാന്തിപ്പടി) എന്നിവരടങ്ങിയ എൻ.ആർ.ടി ബാൻഡ് സംഘത്തിന്റെ പ്രത്യാശക്ക് അതിരുകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.