ഓണമെത്തുന്നു; കായവറുത്തതിന് വൻ ഡിമാൻഡ്
text_fieldsകൊച്ചി: കായവറുത്തതും ശർക്കര ഉപ്പേരിയും വറുത്ത ഉപ്പേരിയുമൊക്കെ ഓണവിപണിയിലെ താരങ്ങളാണ്. തിളച്ച എണ്ണയിലേക്ക് നേന്ത്രക്കായ അരിഞ്ഞിട്ട് മൊരിഞ്ഞ് കോരിയെടുക്കുന്ന കാഴ്ചതന്നെ ഭക്ഷണപ്രിയർക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഓണവിപണി സജീവമായതോടെ ഇവക്ക് ആവശ്യക്കാരേറി. സ്കൂൾ, കോളജ്, ഓഫിസ് ഓണാഘോഷങ്ങൾ മുതൽ വീടുകളിലേക്ക് വരെയുള്ള ഓർഡറുകൾ ഇത്തവണ നേരത്തേ തന്നെ എത്തിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഒരുകിലോ കായവറുത്തതിന് 400 രൂപയാണ് എറണാകുളം നഗരത്തിൽ വില. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് കാര്യമായ വിലവർധന കായവറുത്തതിലുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.
ഓർഡറുകൾ വർധിച്ചതോടെ കൂടുതൽ സാധനങ്ങളെത്തിച്ച് ഉൽപാദനം വർധിപ്പിച്ചിരിക്കുകയാണ് അവർ. വാഴപ്പഴത്തിന് 45 മുതൽ 50 രൂപ വരെയാണ് ഇപ്പോൾ വില. മില്ലിൽനിന്ന് നേരിട്ട് വെളിച്ചെണ്ണ എത്തിച്ചാണ് ഉപയോഗിക്കുന്നതെന്നും അതിലൂടെ ഗുണമേന്മ ഉറപ്പാക്കാൻ കഴിയുമെന്നും എറണാകുളം ഷേണായീസ് ജങ്ഷനിലെ വ്യാപാരി നൗഫൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മുൻ വർഷങ്ങളിലേതിനെക്കാൾ വിപണി ഉണർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാടൻ കായയുടെ വരവ് കുറഞ്ഞത് കച്ചവടക്കാരെ ബാധിച്ചിട്ടുണ്ട്. മേട്ടുപ്പാളയത്തുനിന്നുമാണ് കൂടുതലായി ഇപ്പോൾ കായ എത്തുന്നത്. ശർക്കര ഉപ്പേരി ഒരു കിലോക്ക് 400, വറത്തുപ്പേരിക്ക് 440 എന്നിങ്ങനെയുമാണ് എറണാകുളത്തെ വില. സ്പൈസസ് വിലവർധനയാണ് ശർക്കര ഉപ്പേരിയുടെ വില കൂടാൻ കാരണം. ഏലക്ക, ജീരകം തുടങ്ങിയവയുടെ വില കൂടിയിട്ടുണ്ട്. 180 രൂപയുടെ വെളിച്ചെണ്ണയാണ് വ്യാപാരികൾ ഉപയോഗിക്കുന്നത്.
പഴകിയ എണ്ണ ഒരു കാരണവശാലും ഉപയോഗിക്കാറില്ലെന്നും അത് ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ പ്രധാന ഘടകമാണെന്നും വ്യാപാരികൾ പറയുന്നു. ഈ ആഴ്ചയോടെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷങ്ങൾ ആരംഭിക്കും. നഗരത്തിലെ നിർമാണ യൂനിറ്റുകളിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയാണ് സ്കൂൾ, കോളജ് ഓണാഘോഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.