തിരുവോണത്തിങ്കൾ തെളിയും കോ-വീടാണീ വീട്...
text_fieldsഇൗ ഒാണം നമുക്ക് വേറിട്ടതാക്കാം. ഒരു വ്യത്യസ്തമായ ഒാർമയും. ഇതുപോലെ ഒരു ഒാണം നമ്മുടെ ഒാർമയിലോ മുതു മുത്തശ്ശന്മാരുടെ ഒാർമയിേലാ ഇല്ല. കോവിഡ് ലോകം മാറ്റിയതുപോലെ നമ്മുടെ ഒാണത്തെയും മാറ്റിയിരിക്കുന്നു.
മുമ്പെങ്ങുമില്ലാത്തവിധം ദുരിതപൂർണ സാമൂഹികാന്തരീക്ഷത്തിലാണ് നാം ഇത്തവണ ഓണത്തെ വരവേറ്റത്. ആഘോഷങ്ങളിൽ നിയന്ത്രണം പാലിക്കേണ്ട സാഹചര്യമാണ്. പാലിച്ചേ പറ്റൂ. ഇത്തവണ വീട്ടിലിരുന്നോണം എന്നേ പറയാനാവൂ.
എന്നാൽ, വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന മാവേലിയെ 'കോവിഡാണ്, പോയിട്ട് പിന്നെ വരൂ' എന്നും പറഞ്ഞ് മടക്കാനാവില്ലല്ലോ. അതുകൊണ്ട് നമുക്ക് ഉള്ളതുകൊണ്ട് ഓണം കൂടാം, വീട്ടിലിരുന്നും ആഘോഷം കെങ്കേമമാക്കാം.
എല്ലാരും എല്ലാം ചെയ്യട്ടേ...
ഇക്കുറി ഒാണത്തിന് പുറത്തുനിന്ന് ഏതായാലും ആരുമില്ല. നമുക്കുതന്നെ കേമമാക്കാം. സദ്യക്കുള്ള പച്ചക്കറിയും മറ്റുമെല്ലാം മുതിർന്നവർ ഇന്നലെ വൈകീട്ടുതന്നെ നുറുക്കിയും മറ്റും െവച്ചുകാണുമല്ലോ. രാവിലെതന്നെ അടുക്കളയിൽ സദ്യയൊരുക്കം തുടങ്ങും. അച്ഛനും അമ്മയും മുതിർന്നവരുമെല്ലാം സദ്യക്കായി ഓടിനടക്കുമ്പോൾ വീട്ടിലെ ഇളംതലമുറ എന്തു ചെയ്യും? രാവിലെതന്നെ ടി.വിക്കു മുന്നിലിരിക്കാതെ, ഇത്തവണ സദ്യവട്ടങ്ങളിൽ അവരുടെ കുഞ്ഞുകൈയൊപ്പുകൂടി പതിപ്പിച്ചാലോ... ചെറിയ ചെറിയ പണികളൊക്കെ ചെറിയ കുട്ടികളെ ഏൽപിക്കണം. ഒരു സിനിമയിൽ പറയുംപോലെ 'ആയുധംവെച്ചുള്ള കളിയൊന്നും' വേണ്ട, മറിച്ച് സദ്യ വിളമ്പാനുള്ള വാഴയില കഴുകി തുടച്ച് വൃത്തിയാക്കൽ, ഉള്ളി തൊലികളയൽ, അത്യാവശ്യം സാധനങ്ങൾ കഴുകൽ തുടങ്ങിയ ജോലിയൊക്കെ നമ്മുടെ മക്കൾ ചെയ്തോളും. ഇടക്ക് ചില 'വിദഗ്ധോപദേശങ്ങൾ' നൽകിയാൽ മതിയെന്നേ. എല്ലാവരും നിലത്ത് ചമ്രംപടിഞ്ഞിരുന്ന് സദ്യ കഴിക്കുന്നതാണ് അതിെൻറ ഒരു പൂർണത. കുട്ടികൾക്ക് സദ്യയിലെ ഉപ്പേരിയും പപ്പടവും ഒക്കെ വിളമ്പാൻ അവസരം നൽകൂ. അവരത്, ഭംഗിയായി അഭിമാനത്തോടെതന്നെ ചെയ്തോളും. ഒരു പണികൊടുത്തിട്ട്, ഇരട്ടിപ്പണി തിരിച്ചുകിട്ടുമെന്ന ആശങ്കയുള്ളവർക്ക് ഇക്കാര്യം വേണ്ടെന്നുവെക്കാം.
ഇനിയൽപം കളികളാവാം...
അന്യംനിന്നുപോകുന്ന പഴയകാല കളികൾ പൊടിതട്ടിയെടുക്കാനും ഇൗ കാലം ഉപയോഗിക്കാം. കുട്ടികളും മുതിർന്നവരും എല്ലാം ഒത്തുേചർന്ന് കുറച്ചു സമയം സന്തോഷത്തിനായി മാറ്റിവെക്കാം. വീട്ടിൽതന്നെ ഓണക്കളികളുമായാലെങ്ങനെയുണ്ടാവും? പുലിക്കളിയും ഓണത്തല്ലുമൊെക്ക വീട്ടിൽതന്നെ സംഘടിപ്പിക്കാൻ പ്രയാസമായിരിക്കും. അല്ലാതെ ചില കളികളുണ്ട്, കൈകൊട്ടിക്കളി, തലപ്പന്തുകളി തുടങ്ങിയവ. ഊഞ്ഞാലാട്ടം ആയിരിക്കും കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഓണവിനോദങ്ങളിലൊന്ന്.
വീട്ടുപറമ്പിലുള്ള മാവിലോ പുളിയിലോ മുറുക്കിക്കെട്ടാം. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ചേർന്ന് ഊഞ്ഞാലാട്ടിത്തരുന്നത് കുരുന്നുകൾക്ക് മറക്കാനാവാത്ത അനുഭവമാകും. ചെറിയ കുഞ്ഞുങ്ങളെ ഊഞ്ഞാലാട്ടുമ്പോൾ നന്നായി ശ്രദ്ധിക്കണം. ഇതിനിടയിൽ നീതിമാനായ മാവേലിയുടെ ജീവിതകഥയും മറ്റും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും മുതിർന്നവർ മറേക്കണ്ട. അങ്ങനെയങ്ങനെ 2020ലെ ഓണം വ്യത്യസ്തമായി ആഘോഷിച്ച് ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാക്കിമാറ്റാൻ എല്ലാവരും തയാറാവുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.