ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്
text_fieldsകോവിഡ് കാലത്തെ ഓണം ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ഒാർമിപ്പിച്ച് ആരോഗ്യവകുപ്പ്. 'ഈ ഓണം സോപ്പിട്ട്, മാസ്ക്കിട്ട്, ഗ്യാപ്പിട്ട്' എന്ന സന്ദേശം മുൻനിർത്തിയാകണം ആഘോഷങ്ങൾ. കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും കരുതൽവേണം. എല്ലാവരും മാസ്ക് ധരിക്കുകയും ഇടക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
വിരുന്നുകാരുടെ ശ്രദ്ധക്ക്
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുകൂടലുകള്‍ പരമാവധി ഒഴിവാക്കണം. ആരെങ്കിലും വീട്ടിലെത്തിയാല്‍ മാസ്ക് ഉറപ്പുവരുത്തണം. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. പ്രായമായവരെ സ്പര്‍ശിക്കുകയോ അടുത്തുനിന്ന് സംസാരിക്കുകയോ ചെയ്യരുത്. വരുന്നവര്‍ കുട്ടികളെ ലാളിക്കരുത്.
പച്ചക്കറി മുതൽ തൂശനില വരെ കരുതലോടെ
അരി, പച്ചക്കറി തുടങ്ങിയവ ശുദ്ധജലംകൊണ്ട് കഴുകണം. പച്ചക്കറികള്‍ മുറിക്കുന്നതിന് മുമ്പ് കഴുകണം. മുറിച്ചശേഷം കഴുകിയാല്‍ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസളഭാഗത്ത് കയറും. മുറിച്ച പച്ചക്കറികളാണ് വാങ്ങുന്നതെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കഴുകണം. പച്ചക്കറികളിലെ വിഷാംശം ഒഴിവാക്കാൻ വെള്ളത്തില്‍ വിനാഗിരി ഒഴിച്ച് നന്നായി കഴുകണം.
വിളമ്പുന്നവരും കഴിക്കുന്നവരും അറിയാൻ
അന്നന്നത്തെ ആവശ്യത്തിനുമാത്രം ഭക്ഷണം തയാറാക്കുക. സദ്യ വിളമ്പുമ്പോൾ സാമൂഹിക അകലം പാലിച്ച് ഇലയിടണം. കഴിച്ചശേഷം ഗ്ലാസുകളും പാത്രങ്ങളും സോപ്പ് പതപ്പിച്ച് കഴുകണം. ബാക്കിവരുന്ന ഭക്ഷണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക.
സമൂഹസദ്യകൾ കുറക്കണം, പാർസലാണ് നല്ലത്
സമൂഹസദ്യക്കാരും കാറ്ററിങ്ങുകാരും ഹോട്ടലുകളും ഭക്ഷ്യസുരക്ഷ വകുപ്പിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സമൂഹസദ്യകള്‍ പരമാവധി കുറക്കണം. പാർസലായി നല്‍കുന്നതാണ് നല്ലത്.
അസുഖം വന്നാലെന്തുചെയ്യും?
വയറിളക്കം, ഛര്‍ദി, ഓക്കാനം ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭക്ഷണം കഴിച്ച ബാക്കിയുള്ളവരും ശ്രദ്ധിക്കണം. വയറിളക്കം, ഛര്‍ദി എന്നിവയുണ്ടായാല് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ആദ്യപടിയായി നൽകണം. ഒ.ആര്.എസ് ലായനി കരുതുന്നത് നന്നായിരിക്കും.
കുട്ടികള്‍ക്കുണ്ടാകുന്ന വയറിളക്കവും ഛര്‍ദിയും പ്രത്യേകം ശ്രദ്ധിക്കണം. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ കണ്ടാൽ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.