ഓണച്ചെലവ്; മുൻകൂർ വായ്പ അനുമതിയിൽ അനക്കമില്ല
text_fieldsതിരുവനന്തപുരം: ഓണച്ചെലവുകൾക്കായുള്ള മുൻകൂർ വായ്പാനുമതിയിൽ കേന്ദ്രം മൗനം തുടരുന്ന സാഹചര്യത്തിൽ സഹകരണ കൺസോർട്യത്തിൽനിന്നുളള 1000 കോടിയിൽ പ്രതീക്ഷയർപ്പിച്ച് ധനവകുപ്പ്. ഇതു സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉടൻ ഉത്തരവിറങ്ങുമെന്നാണ് കരുതുന്നത്. സഹകരണ കൺസോർട്യത്തിൽനിന്ന് നിക്ഷേപ സ്വഭാവത്തിലാണ് ധനസഹായം. പ്രതിസന്ധിഘട്ടങ്ങളിൽ മുമ്പും ഇത്തരം രീതി സ്വീകരിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം കേരളത്തിന് ആകെ കടമെടുക്കാനാകുന്നത് 37,512 കോടി രൂപയാണ്. ഇതിൽ ഡിസംബർ വരെ എടുക്കാവുന്നത് 21,253 കോടി രൂപയാണ്. ഇക്കാലയളവിൽ ശേഷിച്ച 3700 കോടിയും കടമെടുത്തു. ഈ സാഹചര്യത്തിലാണ് ജനുവരി മുതൽ മാർച്ചുവരെ എടുക്കാവുന്ന 16,259 കോടിയിൽ നിന്ന് 5000 കോടി മുൻകൂറായി എടുക്കാൻ കേരളം അനുവാദം ചോദിച്ചത്. ഇതുവരെയും അനുകൂലമായി കേന്ദ്രം പ്രതികരിച്ചിട്ടില്ല.
ഉത്സവബത്ത നൽകാൻ 700 കോടിയാണ് വേണ്ടത്. വിപണി ഇടപെടലിനും മറ്റു ക്ഷേമ നടപടികൾക്കുമായി 1800 കോടിയും വേണം. തനത് വരുമാനമടക്കം വിനിയോഗിച്ച് ഓണക്കാലം ഞെരുങ്ങി കടന്നുപോകുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ പ്രതിസന്ധിയുണ്ടാകുമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. മുൻകൂർ വായ്പാനുമതി നേടിയെടുക്കാനാണ് ഇപ്പോൾ പരിശ്രമം. കഴിഞ്ഞ ഓണക്കാലത്തിനു ശേഷം പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ മുൻകൂർ വായ്പക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയിരുന്നു. കേന്ദ്രത്തിൽനിന്ന് വിവിധ പദ്ധതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിൽ 3900 കോടിയോളം രൂപ കിട്ടാനുണ്ട്.
വായ്പ പരിധിയിൽ 5710 കോടി വെട്ടിക്കുറച്ചെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. മുൻകൂർ വായ്പയില്ലെങ്കിൽ ഗ്രാന്റിനത്തിലെ 3900 കോടിയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്കും നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കും വക കണ്ടെത്താൻ പദ്ധതി വിഹിതം നേർപകുതിയായി വെട്ടിച്ചുരുക്കിയിരുന്നു. സാധാരണ സാമ്പത്തിക വർഷം അവസാനിക്കുന്ന പാദത്തിലാണ് ഇത്തരം വകമാറ്റലുകൾ. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി അധികം പിന്നിടുംമുമ്പേയാണ് പദ്ധതിയിലെ ഇപ്പോഴത്തെ കൈവെക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.