ഒാണചെലവ്; 8,000 കോടി കണ്ടെത്തണം; ക്ഷേമപെൻഷൻ വിതരണം 10 മുതൽ
text_fieldsതിരുവനന്തപുരം: ഒാണചെലവുകൾക്ക് 8,000 കോടി രൂപയെങ്കിലും അധികം കണ്ടെത്തേണ്ട ബാധ്യതയിൽ ധനവകുപ്പ്. ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽനിന്ന് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി വഴി പണം സമാഹരിക്കാൻ ധാരണയായി. 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിച്ചു. ഇൗ പണം ട്രഷറിയിലെത്തി. വീണ്ടും കടപ്പത്രം ഇറക്കിയേക്കും.
ജീവനക്കാരുടെ ബോണസ്പരിധി അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. നിലവിൽ 24,000 രൂപയാണ് പരിധി. ഇത് ഉയർത്തും. ഒാണത്തിന് മുൻകൂർ ശമ്പളം നൽകുന്ന കാര്യത്തിൽ ധനവകുപ്പിന് ആശങ്കയുണ്ട്. ആവശ്യപ്പെടുന്നവർക്ക് മാത്രമായി ഇത് പരിമിതപ്പെടുത്താനാണ് ആലോചന. ഒാണമായതിനാൽ ഭൂരിഭാഗം പേരും ശമ്പളം നേരേത്ത ആവശ്യപ്പെടാനാണ് സാധ്യത. ഇതിനുപുറെമ ബോണസും അഡ്വാൻസും നൽകണം. ക്ഷേമ പെൻഷനുകൾക്ക് പുറമെ വിവിധ വിഭാഗം തൊഴിലാളികൾക്ക് ആനുകൂല്യം നൽകേണ്ടതുണ്ട്. അതിനിടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള പലിശ നാലരയിൽനിന്ന് നാല് ശതമാനമായി കുറച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ക്ഷേമപെൻഷൻ ഒാണം ഗഡു വിതരണം 10 മുതൽ
തിരുവനന്തപുരം: ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10ന് വിതരണം ചെയ്തുതുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. വീട്ടിൽ പെൻഷൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ലക്ഷത്തിൽപരം ആളുകളിൽ ഭൂരിഭാഗം പേർക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം കിട്ടും. ബാങ്ക് അക്കൗണ്ടുകൾ വഴി 16 നാണ് വിതരണം. ക്ഷേമബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണ നടപടിയും പൂർത്തിയായി. ഓണത്തിന് പെൻഷൻ നൽകാൻ 188 കോടി രൂപ സർക്കാർ ലഭ്യമാക്കും. ജൂലൈ വരെയുള്ള കർഷക പെൻഷൻ ഭൂരിപക്ഷം പേർക്കും നൽകിക്കഴിഞ്ഞു. അതിനാൽ ചുരുങ്ങിയ കുടിശ്ശികയേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 42.48 ലക്ഷം ആണ്. ഇതിൽ പുതിയ 1.28 ലക്ഷം അപേക്ഷകരും ഉൾപ്പെടും. ഇനിയും രണ്ട് ലക്ഷം അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങളുടെ പരിഗണനയിലാണ്. പെൻഷൻ ബില്ലുകൾ തയാറാക്കുന്നതിനായി ആറ് മുതൽ 10 വരെ അപേക്ഷകളുടെ ഡാറ്റാ എൻട്രി നിർത്തിവെക്കും. 11 മുതൽ വീണ്ടും അപ്ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്യുന്ന മാസം മുതലാണ് പുതിയ അപേക്ഷകർക്ക് പെൻഷന് അർഹതയുണ്ടാവുക. കർഷകപെൻഷൻ അടക്കമുള്ള ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 9.17 ലക്ഷമാണ്. ഇതോടെ മൊത്തം പെൻഷൻ ഗുണഭോക്താക്കൾ 51.65 ലക്ഷം വരും. ഇവർക്കെല്ലാമായി 2300 ഓളം കോടി വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.